തിരുവനന്തപുരം: ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് അടക്കം എട്ടിടങ്ങളിൽ 30ന് ഉപതെരഞ്ഞെടുപ്പ്. ഒരു പൊതുതെരഞ്ഞെടുപ്പിന്റെ ആവേശം അപ്പാടെ ചോരാതെ, സീറ്റുകൾ നിലനിർത്താനും പിടിച്ചെടുക്കാനും അട്ടിമറിജയം നേടാനുമുള്ള തീവ്ര പ്രചാരണത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കം അന്തിമഘട്ടത്തിലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജൂലൈ 31നാണ് വോട്ടെണ്ണൽ.
ജില്ല പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ (നമ്പർ- ഒമ്പത്), ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക് വാർഡ് (22), തോട്ടവാരം വാർഡ് (28), പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൻ കോട് വാർഡ് (15), മടത്തറ വാർഡ് (19), കൊല്ലായിൽ വാർഡ് (18), കരവാരം പഞ്ചായത്തിലെ പട്ടള വാർഡ് (12), ചാത്തമ്പാറ വാർഡ്(16) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജില്ല പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ മുന്നണി സ്ഥാനാർഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ്. കോൺഗ്രസിന്റെ വെള്ളനാട് ശശി ജില്ല പഞ്ചായത്തംഗം സ്ഥാനം രാജിവെച്ച് സി.പി.എമ്മിൽ ചേർന്നതോടെയാണ് വെള്ളനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു.ഡി.എഫ് സ്ഥാനാർഥി വി.ആർ. പ്രതാപനും എൽ.ഡി.എഫ് സ്ഥാനാർഥി വെള്ളനാട് ശശിയും എൻ.ഡി.എയുടെ മുളയറ രതീഷും തമ്മിലാണ് പ്രധാന മത്സരം. സ്വതന്ത്ര സ്ഥാനാർഥിയായി വെമ്പായം ശശിയും രംഗത്തുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ് ഭരിക്കുന്ന ജില്ല പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ചെറുവള്ളിമുക്ക്, തോട്ടവാരം വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. വനിതാ കൗൺസിലർമാർ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. പാർലമെന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുമ്പാണ് എൻ.ഡി.എയിലെ രണ്ട് വനിതാഅംഗങ്ങൾ കൗൺസിലർ സ്ഥാനം രാജിവെച്ചത്.
തോട്ടവാരം വാർഡ് കൗൺസിലർ എ.എസ്. ഷീല, ചെറുവള്ളി മുക്ക് വാർഡ് കൗൺസിലർ വി.പി. സംഗീതാറാണി എന്നിവരാണ് രാജിവെച്ചത്. ഇതോടെ ഏഴ് സീറ്റുകൾ നേടി പ്രതിപക്ഷത്തുണ്ടായിരുന്ന എൻ.ഡി.എയുടെ കക്ഷിനില അഞ്ചായി ചുരുങ്ങി.
പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറ, കൊല്ലായിൽ, കരിമൺകോട് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കരവാരം പഞ്ചായത്ത് ഭരണം എൻ.ഡി.എക്കാണ്.
പഞ്ചായത്തിലെ 12ാം വാർഡായ പട്ടള, 16ാം വാർഡായ ചാത്തൻപാറ എന്നിവിടങ്ങളിലാണ് ഉപതെഞ്ഞെടുപ്പ്. ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം രണ്ട് വനിത അംഗങ്ങൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
12ാം വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ എസ്. സിന്ധു, 16 വാർഡ് അംഗവും ക്ഷേമകാര്യ സമിതി അധ്യക്ഷയുമായ എം. തങ്കമണി എന്നിവരാണ് ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നത്. മത്സരരംഗത്തുള്ള എൽ.ഡി.എഫ് സ്ഥാനാർഥി ബേബി ഗിരിജ മുൻ കരവാരം പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. 18 വാർഡുകളുള്ള കരവാരം പഞ്ചായത്തിൽ എൻ.ഡി.എ -ഒമ്പത്, എൽ.ഡി.എഫ് -അഞ്ച്, യു.ഡി.എഫ് -രണ്ട്, എസ്.ഡി.പി.ഐ -രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് അംഗങ്ങളുടെ രാജിയെ തുടർന്ന് ഭരണ കക്ഷിയായി എൻ.ഡി.എയുടെ സീറ്റ് ഏഴായി ചുരുങ്ങി. അതിനാൽ ഉപതെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ഭരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിനായി എട്ട് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുമ്പ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയിൽ കാർഡ് ഇവയിലേതെങ്കിലും ഒരുരേഖ പോളിങ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കണം.
തിരുവനന്തപുരം: ജില്ല പഞ്ചായത്ത് വെള്ളനാട് ഡിവിഷനിലേക്ക് 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ആവശ്യമുള്ള പക്ഷം ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെ കലക്ടറേറ്റിൽ നേരിട്ട് ഹാജരായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കാം. അന്നുതന്നെ ബാലറ്റ് കൈപ്പറ്റാം. പ്രസ്തുത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് വരണാധികാരിയായ കലക്ടർ അറിയിച്ചു.
തിരുവനന്തപുരം: ജില്ല പഞ്ചായത്ത് വെള്ളനാട് ഡിവിഷനിലേക്ക് 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ആവശ്യമുള്ള പക്ഷം ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെ കലക്ടറേറ്റിൽ നേരിട്ട് ഹാജരായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കാം. അന്നുതന്നെ ബാലറ്റ് കൈപ്പറ്റാം. പ്രസ്തുത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് വരണാധികാരിയായ കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.