തിരുവനന്തപുരം: മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുടെ മാതാവിെൻറ സ്വർണമാല മോഷണം പോയ കേസിലെ പ്രതി പിടിയിലായെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ നാറാണി വാർഡിൽ മുറിഞ്ഞാട കുരിശ്ശടിക്കുതാഴെ മുറിഞ്ഞാട വീട്ടിൽ ശ്രീലത(43) യെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മകളുടെ പ്രസവത്തിനായി ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന കാട്ടാക്കട സ്വദേശിനിയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്. ആശുപത്രി വാർഡിൽ രാത്രി ഉറങ്ങുന്ന സമയം തലയിണ കവറിൽ ഊരി സൂക്ഷിച്ചിരുന്ന സ്വർണമാല കാണാതായ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് അന്നേദിവസം ആ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ശ്രീലത ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ആരും മോഷ്ടിച്ചിട്ടില്ലായെന്നുള്ള മൊഴിയിൽ ഉറച്ചുനിന്നു. തുടർന്ന്, ജീവനക്കാരുടെ വാസസ്ഥലം കേന്ദ്രീകരിച്ചു നടത്തിയ രഹസ്യ അന്വേഷണത്തിലാണ് മോഷണം തെളിഞ്ഞത്. മാല ഒരു പ്രമുഖ ജ്വല്ലറിയിൽ വിൽപന നടത്താൻ ശ്രമിച്ചതായും പിന്നീട്, നെയ്യാറ്റിൻകരയിലെ ഒരു ജ്വല്ലറിയിൽ വിറ്റതായും ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥിെൻറ നിർദേശാനുസരണം മെഡിക്കൽ കോളജ് എസ്.എച്ച്.ഒ യുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയായിരുന്നു അന്വേഷണം. മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാലിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, ജ്യോതിഷ്, പ്രിയ, മാർവിൻ എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ-മാരായ പ്രതാപൻ, അനിൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.