നേമം: നേമം റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് ചളിക്കെട്ടായി മാറിയതോടെ വാഹന, കാൽനടയാത്ര ദുസ്സഹമായി. ദേശീയപാതയിൽനിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുള്ള റോഡിന്റെ 100 മീറ്ററോളം ഭാഗം മണ്ണും ചളിയും നിറഞ്ഞ നിലയിലാണ്. റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി തണൽ മരങ്ങൾ മുറിച്ചു നീക്കിയശേഷം റോഡ് ഇതുവരെ ടാർ ചെയ്തിട്ടില്ല.
നേമം റെയിൽവേ സ്റ്റേഷനിൽ പകൽ സമയം നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് റോഡിലെ ചളിക്കെട്ട് മൂലം അധികവും ദുരിതത്തിലാവുന്നത്. റോഡ് തുടങ്ങുന്ന ഭാഗത്ത് ഡിവൈഡറുകൾ മുറിച്ചിട്ടില്ലാത്തതിനാൽ വാഹനങ്ങൾക്ക് യൂടേൺ എടുത്ത് ഈ ഭാഗത്തേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്നുമില്ല. പ്രാവച്ചമ്പലം ഭാഗത്തുനിന്ന് വരുന്നവർ ജനമൈത്രി സ്റ്റേഷന് സമീപത്തെ യുടേൺ തിരിഞ്ഞുവേണം പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് എത്താൻ. ഇത് ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്.
പ്രാവച്ചമ്പലം ഭാഗത്തെ മേൽപാലത്തിന് സമീപത്തുനിന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് നീങ്ങുന്ന ഇടറോഡിലൂടെ കടക്കാമെന്നു കരുതിയാൽ ഇവിടെയും ചളിക്കെട്ടാണ്.
റെയിൽവേ വികസനം നടത്തുന്നതിനൊപ്പം യാത്രക്കാർക്ക് സ്റ്റേഷനിലേക്കും തിരിച്ചും സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള പാത ഒരുക്കുന്നതിൽ അധികൃതർ താൽപര്യം കാട്ടുന്നില്ല. റെയിൽവേ സ്റ്റേഷൻ വികസനം ആരംഭിച്ചതു മുതൽ വർഷങ്ങളായി സ്റ്റേഷൻ റോഡ് തകർന്നു തന്നെയാണ്. ഇടയ്ക്കിടെ വേനൽ മഴ പെയ്യുന്നതിനാൽ യാത്രക്കാരുടെ ദുരിതവും ഒഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.