ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഉദ്ഘാടനം നീളുന്നു. നിർമാണ പ്രവർത്തനം മാസങ്ങൾക്കു മുമ്പ് പൂർത്തിയായിട്ടും ഉദ്ഘാടനം നടത്തിയില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയാണ് ചിലവഴിച്ചത്. കുട്ടികൾക്കുള്ള കളിസ്ഥലം, കഫ്തീരിയ, ഓപൺ ഓഡിറ്റോറിയം, ടിക്കറ്റ് കൗണ്ടർ, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ എന്നിവയുടെ നിർമാണമാണ് പൂർത്തിയാക്കിത്.
2020ൽ കടകംപള്ളി സുരേന്ദ്രൻ ടൂറിസം മന്ത്രിയായിരിക്കെയാണ് തറക്കല്ലിട്ടത്. നാല് വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ സഞ്ചാരികൾക്കായി തുറന്നു കൊടുത്തില്ല. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ ബീക്കൺസ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് കത്ത് കമ്പനി അധികൃതർ ബന്ധപ്പെട്ട വകുപ്പിന് നൽകിയതായാണ് വിവരം.
നൂറ് കണക്കിന് സഞ്ചാരിക്കളാണ് മുതലപ്പൊഴിയിലെത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സഞ്ചാരികൾ വലയുമ്പോഴും നിർമാണം പൂർത്തിയാക്കിയവ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുകയാണ്. കുടിവെള്ള സൗകര്യം ഒരുക്കാത്തതും പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ ലഭിക്കാത്തതുമാണ് ഉദ്ഘാടനത്തിന് തടസമാകുന്നത്. ഇത് പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഹാർബർ വകുപ്പ് അധികൃതർ അറിയിച്ചു.
അഞ്ചുതെങ്ങ് - പെരുമാതുറ തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ലക്ഷ്യമിട്ടാണ് 2015ൽ പദ്ധതി നടപ്പിലാക്കിയത്. അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന് പാറ കൊണ്ടുപോകാൻ വാർഫ് നിർമിക്കാൻ ടൂറിസത്തിനായി കണ്ടെത്തിയ സ്ഥലം വിട്ടുനൽകിയിരുന്നു. ഇതോടെ സമീപത്തായി മറ്റൊരു സ്ഥലം കണ്ടെത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.