ചിറയിൻകീഴ്: മോഷണ ബൈക്കുകളിൽ കറങ്ങി ഇരുചക്രവാഹനങ്ങൾ മോഷണം നടത്തിവന്ന മൂന്നുപേരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ശാർക്കര പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴക്കൂട്ടം ആറ്റിൻകുഴി ആനന്ദ് ഭവനിൽ താമസിക്കുന്ന സഹോദരന്മാരായ അഭിജിത് (19), ആനന്ദ് (21), കൊയ്ത്തൂർക്കോണം, മണ്ണറ മനു ഭവനിൽ സോനു (21) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ രണ്ടിന് വൈകീട്ടാണ് മൂവരും ചേർന്ന് ശാർക്കര സ്വദേശിയായ വിഷ്ണുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ മോഷ്ടിച്ചത്.
ചിറയിൻകീഴ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ് അനേഷണം നടത്തിവരുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അനേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച സ്കൂട്ടർ മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതായി ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാലിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ വിനീഷ് .വി.എസ്, സബ് ഇൻസ്പെക്ടർമാരായ ശ്രീബു, ഷജീർ, അസീം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനു, അനൂപ്, സുനിൽരാജ്, അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ മോഷ്ടിച്ച മറ്റൊരു ബൈക്കും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.