ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി അഴിമുഖത്ത് ആശങ്ക വർധിപ്പിച്ച് അപകടത്തിൽപെട്ട കൂറ്റൻ ബാർജുകൾ. വലിയ ബാർജ് ബുധനാഴ്ച പുലർച്ച ഹാർബർ കവാടത്തിലേക്ക് നീങ്ങിയത് സങ്കീർണത സൃഷ്ടിച്ചിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിലാണ് കഴിഞ്ഞ ശനിയാഴ്ച രണ്ട് കൂറ്റൻ ബാർജുകൾ അപകടത്തിൽപെട്ടത്. കഴിഞ്ഞദിവസം രാത്രിയോടെ ഉണ്ടായ കടൽക്ഷോഭത്തിൽ ഒരു ബാർജ് പുലിമുട്ടിൽനിന്ന് നീങ്ങിമാറുകയായിരുന്നു. ഇത് പൊഴിമുഖത്ത് വള്ളങ്ങൾ കടന്നു പോകുന്നതിന് തടസ്സം സൃഷ്ടിച്ച നിലയിൽ ഒഴുകിയെത്തുകയായിരുന്നു.
കടലിലേക്ക് വള്ളം പോകുന്നതിന് തടസ്സമായതോടെ തിരയിൽപെട്ട ബാർജിനെ മത്സ്യത്തൊഴിലാളികൾ വടംകെട്ടി തീരത്തടുപ്പിക്കുകയായിരുന്നു. അതേസമയം മറ്റൊരു ബാർജ് ഇപ്പോഴും അപകടഭീഷണിയായി പൊഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. രണ്ട് ബാർജുകളുടെയും സാങ്കേതികതകരാറാണ് നീക്കം ചെയ്യുന്നതിന് തടസ്സം.
ഒരു ബാർജിന്റെ സ്റ്റിയറിങ്ങും പ്രൊപ്പെല്ലറും തകരാറിലാണ്. ബുധനാഴ്ച പുലർച്ച കടൽക്ഷോഭത്തിൽ ഇത് പുലിമുട്ടിൽ നിന്ന് തെന്നി മാറി ഹാർബർകവാടത്തിന് മധ്യഭാഗത്ത് എത്തി. നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ തൊഴിലാളികൾ കെട്ടിവലിച്ച് നീക്കുകയായിരുന്നു.
മറ്റൊരു ബാർജ് ശനിയാഴ്ചത്തെ കടൽക്ഷോഭത്തിൽ നങ്കൂരം തകർന്ന് പുലിമുട്ടിൽ ഇടിച്ചുകയറിയിരുന്നു. ഇത് അതേ അവസ്ഥയിൽ തുടരുകയാണ്. ബുധനാഴ്ച രാവിലെ കമ്പനി പ്രതിനിധികൾ മുതലപ്പൊഴിയിലെത്തി പരിശോധിച്ചെങ്കിലും തകരാറുകൾ പരിഹരിക്കാനായില്ല. മണ്ണിലും പുലിമുട്ടിലുമായി കുടുങ്ങിയ ബാർജുകളുടെ എൻജിൻ തകരാറുകൾ പരിഹരിച്ചാലും പ്രവർത്തിപ്പിച്ച് നീക്കാനാകാത്ത സ്ഥിതിയാണ്. മുംബൈയിൽ നിന്നോ എറണാകുളത്തുനിന്നോ വലിയ ടഗ് എത്തിച്ചാലേ ഇവ നീക്കാനാവൂ. ഇതിന് ഇനിയും ദിവസങ്ങളെടുക്കും.
മുംബൈ ആസ്ഥാനമായ അമൃത് ഡ്രഡ്ജിങ് കമ്പനിയുടേതാണ് ബാർജുകൾ. ശനിയാഴ്ച രാവിലെ 10ന് വിഴിഞ്ഞം തുറമുഖത്തേക്ക് പുറപ്പെട്ട ബാർജാണ് ശക്തമായ തിരയിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്. രാത്രി 8.30നാണ് രണ്ടാമത്തെ ബാർജും അപകടത്തിൽപെട്ടത്.
അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. വീതി കുറഞ്ഞ അഴിമുഖത്ത് ബാർജുകൾ കുടുങ്ങിയതോടെ വള്ളങ്ങൾ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.