തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കോളറബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം. ഇതോടൊപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ രോഗം സ്ഥിരീകരിച്ച് സ്വകാര്യ കെയർ ഹോം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്ത് ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കി വിദഗ്ധ പരിചരണം ഉറപ്പാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ആദ്യം ഭക്ഷ്യവിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ സ്ഥലത്തെത്തി പ്രാരംഭ നടപടികൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. രോഗലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കും. സ്ഥാപനത്തിന്റെതന്നെ സ്കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധപരിചരണം ഉറപ്പാക്കി.
സ്കൂളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കോളറരോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്. ശക്തമായ വയറിളക്കമോ ഛര്‍ദിയോ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
രോഗം ബാധിച്ചവരെ വേഗത്തിൽ കണ്ടെത്തുകയും കൃത്യമായ ചികിത്സ നൽകുന്നതും വഴി രോഗം പടരുന്നത് തടയാം. രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കലാണ് പ്രധാനം. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും അകത്തെത്തുന്ന ബാക്റ്റീരിയക്ക് പെരുകാൻ നിരവധ തടസ്സങ്ങൾ തരണം ചെയ്യണം. ആമാശയത്തിലെ ആസിഡ് ബാക്റ്റീരിയയെ നിർജീവമാക്കും. അതുകൊണ്ട് വളരെയധികം അണുക്കൾ ഉണ്ടെങ്കിലേ അണുബാധ ഉണ്ടാക്കാൻ സാധിക്കൂ.
വളരെ ശ്രദ്ധിക്കണം
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച
സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗം വരാം.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്ദിയുമുണ്ടാകും.
ഇതിനാൽ രോഗി പെട്ടെന്നുതന്നെ നിര്‍ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.
ശ്രദ്ധിക്കുക
രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിര്‍ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്കരോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും.
ആരംഭം മുതല്‍ ഒ.ആര്.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
പ്രതിരോധം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണവും വെള്ളവും തുറന്ന് െവക്കരുത്
ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
മലമൂത്രവിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
വയറിളക്കമോ ഛര്‍ദിയോ ഉണ്ടായാല്‍ ധാരാളം പാനീയം കുടിക്കുക
ഒ.ആര്.എസ് പാനീയം ഏറെ നല്ലത്
എത്രയും വേഗം ചികിത്സ തേടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.