തിരുവനന്തപുരം: ഐ.എ.എസ് എന്ന ഒറ്റ ലക്ഷ്യം മാത്രമേ കഴിഞ്ഞ അഞ്ചുവർഷമായി പ്രപഞ്ചിനുണ്ടായിരുന്നുള്ളൂ. രണ്ടുതവണ സിവിൽ സർവീസ് പാസായെങ്കിലും ആഗ്രഹിച്ച സർവീസിലേക്ക് എത്തിപ്പെടാനായില്ല. ഒടുവിൽ 245 ാം റാങ്കുമായി ഇത്തവണ തന്റെ സ്വപ്നത്തിലേക്ക് നടന്നടുക്കാനായതിന്റെ ആഹ്ലാദത്തിലാണ് മുൻ എക്സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ആർ. രഘുചന്ദ്രബാലിന്റെ മകൻ കവടിയാർ കടപ്പത്തല നഗർ ആശ്രമയിൽ ആർ. പ്രപഞ്ച്.
അച്ഛന്റെയും അമ്മ ഓമനയുടെയും പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് പ്രപഞ്ച് പറയുന്നു. മുക്കോലക്കൽ സെന്റ് തോമസ് റസിഡന്‍ഷ്യൽ സ്കൂൾ പഠനത്തിന് ശേഷം ഐ.എ.എസ് എന്ന സ്വപ്നവുമായി 2011ലാണ് പ്രപഞ്ച് ഡൽഹിയിലേക്ക് പറന്നത്. ആർ.കെ. പുരം ഡൽഹി ഹൈസ്കൂളിലായിരുന്നു പ്ലസ് ടു പഠനം.
തുടർന്ന് ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. 2018 മുതലായിരുന്നു സിവിൽ സർവീസ് പരിശീലനം. ആദ്യശ്രമത്തിൽ പരാജയപ്പെട്ടതോടെ പിന്നീട് സ്വന്തം നിലയിലായി പരിശീലനം.
രണ്ടാം ശ്രമത്തിൽ ഇന്ത്യന്‍ റെയിൽവേ ട്രാഫിക് സർവീസായിരുന്നു ലഭിച്ചത്. നാലാം ശ്രമത്തിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസ് ലഭിച്ചു. ഇതിൽ ട്രെയിനിങ്ങ് നടക്കവേയാണ് ഐ.എ.എസ് അല്ലെങ്കിൽ ഐ.പി.എസ് എന്ന ലക്ഷ്യത്തിനായി വീണ്ടും ശ്രമം ആരംഭിച്ചത്. ട്രെയിനിങ് നടക്കുന്നതിനാൽ പുലർച്ച മൂന്നുമണിവരെയായിരുന്നു പഠനം. പത്രവായനയായിരുന്നു പ്രധാനമെന്നും അതാണ് അഭിമുഖത്തിന് സഹായിച്ചതെന്നും പ്രപഞ്ച് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.