തീ​രദേശ ​ജൈവവൈവിധ്യവും തകരുന്നു ആശങ്കയു​ടെ കടലിൽ മത്സ്യത്തൊഴിലാളികൾ

പൂന്തുറ: തീരശോഷണത്തിനൊപ്പം തീരക്കടലിലെ ജൈവവൈവിധ്യവും തകരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. തീരക്കടലിൽ നിന്നുള്ള മത്സ്യലഭ്യതയിൽ സമീപകാലത്തായി വലിയതോതിൽ കുറവുവന്നിട്ടുണ്ട്. തീരശോഷണത്തിനൊപ്പം മറ്റ് കടൽ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും ഇല്ലാതാവുകയാണ്.വിഴിഞ്ഞം തുറമുഖം നിര്‍മാണത്തിന് ശേഷമാണ് ജില്ലയുടെ തീരക്കടലിൽ ഇതുവരെയില്ലാത്ത മാറ്റങ്ങൾ ദൃശ്യമായതും തീരം നശിക്കുന്നതടക്കം ഗുരുതരമായ പ്രശ്നങ്ങൾ രൂപപ്പെട്ടതും. തുറമുഖത്തിനെതിരായ സമരം തുടരുകയും സർക്കാർ വിവിധ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം അകലെയാണ്.

മത്സ്യത്തൊഴിലാളികള്‍ കാത്ത് സംരക്ഷിച്ച് വന്നിരുന്ന പരമ്പരാഗത മത്സ്യബന്ധനരീതികളും തീരക്കടലിലെ ജൈവ വൈവിധ്യങ്ങളുടെ കലവറയും ജില്ലയിലാകെ ഇല്ലാതാവുകയാണ്. വിഴിഞ്ഞത്തെ ഡ്രഡ്ജിങ് കാരണം വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയും വിഴിഞ്ഞം മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള ഭാഗത്തെ തീരശോഷണം വരുംനാളുകളിൽ കൂടുതൽ വർധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏറ്റവും സ്വാദിഷ്ടമായ ചെറിയ ചിപ്പി കിട്ടിയിരുന്നത് വിഴിഞ്ഞം, ചൊവ്വര, മുല്ലൂര്‍, പുളിങ്കുടി തുടങ്ങിയ ഭാഗങ്ങളിലായിരുന്നു. ഇവിടെ ചിപ്പികള്‍ ആവാസം ഉറപ്പിച്ചിരുന്ന തീരക്കടലിലെ പാറക്കെട്ടുകള്‍ ഡ്രഡ്ജിങ്ങിന്‍റെ ഭാഗമായി പൊട്ടിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ചിപ്പികളുടെ ആവാസ മേഖലകള്‍ പൂര്‍ണമായും തകര്‍ന്നത്. ചിപ്പി സീണണ്‍ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന നിരവധി തൊഴിലാളികള്‍ ഇന്ന് തൊഴിലില്ലാതെ ദുരിതം പേറുന്നു. പാറക്കെട്ടുകള്‍ തകര്‍ന്നതോടെ ഈ ഭാഗങ്ങളിൽ ആവാസം ഉറപ്പിച്ചിരുന്ന പല മത്സ്യങ്ങളും അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നു.

ഇതിനുപുറമേ തീരത്തുനിന്നും നാല് നോട്ടിക്കല്‍ മൈല്‍വരെ കടലിനുള്ളിലേക്ക് ചെറിയ വള്ളങ്ങളില്‍ തുഴഞ്ഞ് ചെന്ന് വലയെറിഞ്ഞ ശേഷം തീരത്തിന്‍റെ രണ്ട് വശങ്ങളില്‍ നിന്നും വല വലിച്ച് കയറ്റിയിരുന്ന പരമ്പരാഗത കമ്പവല ഉപയോഗിക്കലും അന്യമായിത്തുടങ്ങി. കമ്പവലകള്‍ വലിക്കണമെങ്കില്‍ ആവശ്യമായ തീരം വേണം. തുറമുഖനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പനത്തുറമുതല്‍ വേളി വരെയുള്ള തീരങ്ങള്‍ നഷ്ടമായതോടെ കമ്പവലകള്‍ വലിക്കാന്‍ കഴിയാതെ നൂറുകണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലാണ്.

തീരക്കടലില്‍ മാത്രം കേന്ദ്രീകരിച്ച് ആവാസം ഉറപ്പിക്കുന്ന മത്സ്യങ്ങളായ ആവോലി, പാര, വത്തപാര, മോത, നെയ്മീന്‍ചൂര, അയല, കൊഴിയാള, മത്തി, വാള, കണവ തുടങ്ങിയ മത്സ്യങ്ങള്‍ അധികവും ഇത്തരം വലകളിലാണ് കുടുങ്ങുന്നത്. ഇതിനിടെയാണ് ഉള്‍ക്കടലിലെ മത്സ്യബന്ധനം പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കം. ഇതും മത്സ്യത്തൊഴിലാളികളുടെ ഉറക്കംകെടുത്തുന്നു 

Tags:    
News Summary - Coastal biodiversity is also collapsing; Fishermen in concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.