തിരുവനന്തപുരം: അശ്ലീലച്ചുവയോടെ സംസാരിച്ച തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലിനെതിരായ പരാതിയിൽ അധികൃതർ ഒളിച്ചുകളി നടക്കുന്നതായി ആക്ഷേപം. പരാതിക്കാരിയാണ് ഇതുസംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. പരാതിയിൽ സർക്കാറും പൊലീസും ഒന്നുംചെയ്യുന്നില്ലെന്ന് പരാതിക്കാരിയായ ഉത്തരേന്ത്യൻ സ്വദേശിനി ആരോപിച്ചു. ആരോപണവിധേയനായ പ്രിൻസിപ്പലിന് കീഴിൽ തന്നെ ജോലി തുടരേണ്ട അവസ്ഥയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാർച്ചിൽ ജി.വി. രാജ സ്പോർട്സ് സ്കൂളിലെത്തിയ ജീവനക്കാരിയാണ് പ്രിൻസിപ്പൽ പ്രദീപിനെതിരെ പരാതി നൽകിയത്. ലൈംഗിക താൽപര്യത്തോടെ രാത്രി വിളിച്ച് ശല്യപ്പെടുത്തുന്നെന്നും മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ച് കഴിഞ്ഞമാസം 30നാണ് അവർ വിദ്യാഭ്യാസവകുപ്പിനും കായികവകുപ്പിനും പരാതി നൽകിയത്. നവംബർ ഒന്നിന് അരുവിക്കര പൊലീസിലും പരാതി നൽകി. എന്നാൽ നടപടിയില്ലെന്ന് പരാതിക്കാരി പറയുന്നു.
ജീവനക്കാരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. എന്നാൽ, തുടർനടപടിയുണ്ടായില്ലത്രെ. പേടിയോടെയാണ് തലസ്ഥാനത്ത് കഴിയുന്നതെന്നും അവർ പറയുന്നു. അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്കൂളിലെ കമ്മിറ്റിയിൽനിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുന്നില്ല. ഉടൻ നടപടിയുണ്ടാകുമെന്ന കായികമന്ത്രിയുടെ ഉറപ്പും നടപ്പായില്ല. എന്നാൽ ജീവനക്കാരിയുടെ പരാതിയിൽ അന്വേഷണം തുടരുകയാണെന്നാണ് അരുവിക്കര പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.