വലിയതുറ: വിമാനത്താവള പരിസരത്തും വലിയതുറയുടെ വിവിധ ഭാഗങ്ങളിലും നിരവധി തെരുവുനായ്ക്കളെ കൊന്നു കുഴിച്ചുമൂടിയതായി പരാതി.
പ്യൂപ്ള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരം എന്ന സംഘടനയുടെ സെക്രട്ടറി ലതയാണ് വലിയതുറ പൊലീസില്‍ പരാതി നല്‍കിയത്. വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ നേതൃത്വത്തില്‍ സ്വകാര്യ വ്യക്തികളെ ഉപയോഗിച്ച് നായ്ക്കളെ പിടികൂടി കൊന്നു കുഴിച്ചുമൂടിയെന്നാണ് ആരോപണം. കഴിഞ്ഞ ഒരാഴ്ചയായി നിരവധി നായ്ക്കളെ വലിയതുറ പൊന്നറ പാലത്തിനു സമീപത്തെ കാടുമൂടിയ സ്ഥലത്ത് കുഴിച്ചു മൂടിയെന്നാണ് ആക്ഷേപം. പരാതിയില്‍ ഷൈജു, ബിജു, ഉണ്ണി, പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഞായറാഴ്ച രാത്രി ഏഴോടെ വലിയതുറ പൊലീസിന്റെ നേതൃത്വത്തില്‍ പരാതിക്കാര്‍ ഉള്‍പ്പെടെ എത്തി വലിയതുറ പൊന്നറ പാലത്തിനു സമീപം കാടുമൂടിയ സ്ഥലത്ത് കുഴിച്ചു മൂടിയ നായ്ക്കളെ പുറത്തെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. എന്നാല്‍, എത്ര നായ്ക്കളെ കുഴിച്ചു മൂടിയെന്ന കണക്കുകള്‍ ലഭ്യമായിട്ടില്ല. നായ്ക്കളെ പോസ്റ്റ് മോര്‍ട്ടം നടത്തിയാല്‍ മാത്രമേ ഏതുതരം മരുന്ന് ഉപയോഗിച്ചാണ് നായ്ക്കളെ കൊന്നതെന്ന് അറിയാന്‍ കഴിയുകയുളളു. വിമാനത്താവളവും പരിസരവും തെരുവുനായ്ക്കളുടെ പിടിയിലാണെന്നും നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായും പരിസരവാസികള്‍ പറയുന്നു.
‘മെഗ് സള്‍ഫ്’ എന്ന രാസവസ്തു ഉപയോഗിച്ചാണ് നായ്ക്കളെ കൊല്ലുന്നതെന്നും ഏറെനേരം പിടഞ്ഞാണ് ജീവൻ നഷ്ടപ്പെടുന്നതെന്നും പ്യൂപ്ള്‍ ഫോര്‍ അനിമല്‍സിലെ പ്രവര്‍ത്തക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.