തിരുവനന്തപുരം: ജില്ല സ്പോർട്സ് കൗൺസിലിൽ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും തമ്മില്‍ തല്ല്. സൈക്കിള്‍പോളോ ചാമ്പ്യന്‍ഷിപ്പിന് നിരീക്ഷകനെ അയക്കാത്തതുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് എസ്.എസ്. സുധീറും വൈസ് പ്രസിഡന്‍റ് എ.എം.കെ. നിസാറും തമ്മിലെ തര്‍ക്കമാണ് അടിപിടിയിൽ കലാശിച്ചത്.
പരിക്കേറ്റ ഇരുവരെയും ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം നേതാവായ സുധീർ ഹാന്‍ഡ്ബാൾ അസോസിയേഷൻ പ്രതിനിധിയായാണ് ജില്ല സ്പോർട്സ് കൗൺസിലിന്‍റെ തലപ്പത്തെത്തിയത്. കേരള സൈക്കിൾ പോളോ പ്രതിനിധിയാണ് നിസാർ.
കേരള സൈക്കിൾ പോളോ അസോസിയേഷൻ ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ജില്ല ചാമ്പ്യൻഷിപ്പിൽ ജില്ല സ്പോർട്സ് കൗൺസിലിൽനിന്ന് നിരീക്ഷകനെ അയക്കാൻ സുധീർ കൂട്ടാക്കിയില്ല. കേരള സൈക്കിൾ പോളോ അസോസിയേഷനെതിരെ പരാതിയുണ്ടെന്നും അതിനാൽ നിരീക്ഷകനെ അയക്കേണ്ടെന്നുമായിരുന്നു സുധീറിന്‍റെ നിലപാട്.
എന്നാൽ, സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള സംഘടന ജില്ലയിൽ കായിക മത്സരം സംഘടിപ്പിക്കുമ്പോൾ അതിലേക്ക് നിരീക്ഷകനെ അയക്കാത്തത് ചട്ടവിരുദ്ധമാണെന്ന് അസോസിയേഷൻ പ്രതിനിധികൾ സംസ്ഥാന സ്പോർട്സ് കൗൺസിലിന് പരാതി നൽകിയിരുന്നു.
തിരുവനന്തപുരം ജില്ല കൗൺസിലിൽനിന്ന് സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.എം നേതാവ് കരമന ഹരിയും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സിക്കുട്ടനും സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്കും സുധീറിന്‍റെ നടപടിക്കെതിരെ പരാതി നൽകി.
പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഇടപെട്ടാണ് നിരീക്ഷകനെ അയച്ചത്. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് സുധീറും നിസാറും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സുധീറിനെ ജനറൽ ആശുപത്രിയിലും നിസാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുധീറിന്‍റെ പരാതിയിൽ നിസാറിനെതിരെ കന്‍റോൺമെന്‍റെ് പൊലീസ് കേസെടുത്തു. ചികിത്സയിലായതിനാൽ നിസാറിന്‍റെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ബുധനാഴ്ച നിസാറിന്‍റെ മൊഴി കൂടി രേഖപ്പെടുത്തിയശേഷം സുധീറിനെതിരെയും കേസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.