തിരുവനന്തപുരം: മഴയെത്തും മുമ്പു മഴക്കാല പൂർവ ശുചീകരണം ലക്ഷ്യമിട്ട് തിരുവനന്തപുരം കോർപറേഷൻ. ഇതിനായുള്ള കർമ്മ പദ്ധതിക്ക് തിങ്കളാഴ്ച ചേർന്ന കൗൺസിൽ അനുമതി നൽകി. വാർഡൊന്നിന് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. തുക അപര്യാപ്തമാണെന്നും മൂന്നു ലക്ഷമായി വർധിപ്പിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
844 ഓടകൾ വൃത്തിയാക്കുക, 75 സ്ഥലങ്ങളുടെ കാട് വെട്ടലും എട്ടു കുളങ്ങളും 58 മഴക്കുഴികളും വൃത്തിയാക്കലും അടക്കം 985 ജോലികളാണ് ശുചീകരണ പദ്ധതിയിലുള്ളത്. ഇതിനായി ആകെ ലഭിക്കുക 25 ദിവസം മാത്രം.
കഴിഞ്ഞ വർഷം ഏപ്രിലിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇക്കുറി പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നതോടെയാണ് മഴക്കാല പൂർവ ശുചീകരണം വൈകിയതെന്നാണ് അധികൃതർ പറയുന്നത്.
പാർവതി പുത്തനാറും ആമയിഴഞ്ചാൻ തോടും വൃത്തിയാക്കുന്നതിന് ഇൻലൻഡ് നാവിഗേഷൻ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം കൂടി ഉറപ്പാക്കാൻ കൗൺസിലിൽ നിർദേശം ഉയർന്നു. ഓരോ വാര്‍ഡിലും 50 വീടുകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാകും ശുചീകരണ സ്ക്വാഡിന്റെ രുപീകരണം.
ഇവര്‍ പൊതുയിടങ്ങളിലുള്ള പ്രധാന ശുചിത്വമാലിന്യ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ആവശ്യമായ കാര്യങ്ങൾ കണ്ടെത്തി ശുചിത്വ മാപ്പിങ് തയാറാക്കും. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കം ഉള്‍ക്കൊള്ളിച്ച കര്‍മ്മപദ്ധതി ആരോഗ്യവിഭാഗമാണ് തയാറാക്കിയത്.
മഴക്ക് മുമ്പ് നഗരത്തിലെ മുഴുവന്‍ ഓടകളും തോടുകളും സമ്പൂര്‍ണ മാലിന്യമുക്തമാക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. പി.ഡബ്ല്യു.ഡി, ദേശീയപാത, മൈനര്‍, മേജര്‍ ഇറിഗേഷന്‍, റോഡ് ഫണ്ട് ബോര്‍ഡ് എന്നിവരുടെ സംയുക്ത പ്രവര്‍ത്തനം ഇതിന് വേണം. മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങളും വീടുകളും കണ്ടെത്തി പരിഹാര നടപടിയെടുക്കും.
സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ മഴയെത്തുമ്പോൾ തന്നെ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലാവും.
ഓട ശുചീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം യോഗം ചേർന്നെങ്കിലും ഇതുവരെ ഓടകളുടെ ശുചികരണം തുടങ്ങിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ ശുചീകരണം ആരംഭിക്കും. മേയ് എട്ടു മുതൽ ജൂൺ പത്ത് വരെയുള്ള കർമപദ്ധതിക്കാണ് കൗൺസിൽ അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.