തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ സ്കൂളുകളിൽ വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാൻ കരാർ നൽകിയതിലും സ്ഥാപിച്ചതിനും അഴിമതി നടന്നതായി സി.എ.ജിയുടെ കണ്ടെത്തൽ. കുടുംബശ്രീ ജില്ല മിഷൻ വഴി കോർപറേഷൻ ആവിഷ്കരിച്ച പദ്ധതിയിൽ 41.85 ലക്ഷത്തിന്റെ അഴിമതിയാണ് കണ്ടെത്തിയത്.
കുടുംബശ്രീ ജില്ല മിഷൻ പദ്ധതി നടത്തിപ്പ് ഏൽപിച്ചത് സഹസ്ഥാപനമായ നന്മ യുവശ്രീ ഗ്രൂപ്പിനെയാണ്. 135 സ്കൂളുകളിൽ 467 വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാനായിരുന്നു കരാർ.
പ്യുറെല്ല ക്ലെവർ എന്ന കമ്പനിയുടെ റിവേഴ്സ് ഓസ്മോസിസ് വാട്ടർ പ്യൂരിഫയറുകളുടെ 465 യൂനിറ്റുകൾ വാങ്ങി 148 സ്കൂളുകളിൽ സ്ഥാപിച്ചതിന് ജില്ല മിഷന് കോർപറേഷൻ 99.51 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ, നന്മ യുവശ്രീ ഗ്രൂപ് കോട്ടയത്തെ മെഡ് കോർപ് എക്വിപ്മെന്റ്സിൽനിന്ന് യൂനിറ്റൊന്നിന് 12,400 രൂപക്ക് പ്യൂരിഫയറുകൾ വാങ്ങിയിട്ട് 21,400 രൂപയുടെ വ്യാജ കണക്ക് ഒപ്പിച്ച് ഫണ്ട് വെട്ടിച്ചെന്നാണ് സി.എ.ജി കണ്ടെത്തൽ.
പർച്ചേസ് മാന്വലും സർക്കാർ ഉത്തരവുകളും ലംഘിച്ച് കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് അപേക്ഷ ക്ഷണിക്കാത നന്മ ഗ്രൂപ്പിനെ ഏകപക്ഷീയമായി ചുമതലയേൽപിച്ചത്. മെഡ് കോർപിൽനിന്ന് നന്മ ഗ്രൂപ് യൂനിറ്റൊന്നിന് 12,400 രൂപക്കാണ് വാങ്ങിയതെന്ന് ജി.എസ്.ടി ഇൻവോയ്സിൽനിന്ന് ബോധ്യപ്പെട്ടു. ഇതേ വാട്ടർപ്യുരിഫയർ ഇ-മാർക്കറ്റിൽ യൂനിറ്റിന് 7,999 രൂപക്ക് ലഭ്യമായിരുന്നു. ജില്ല മിഷന് യൂനിറ്റിന് 21,400 രൂപക്കാണ് കരാർ നൽകിയത്.
12,400 രൂപ കഴിച്ചുള്ള 9,000 രൂപയുടെ കണക്ക് തട്ടിക്കൂട്ടിയെന്ന് സി.എ.ജി കണ്ടെത്തി. വാട്ടർ പ്യൂരിഫയറിന് രണ്ടുവർഷത്തെ സർവിസ് വാറണ്ടി കരാറിലുണ്ടായിരുന്നു. ഓഡിറ്റ് സംഘം 14 സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ 45 യൂനിറ്റുകളിൽ ആറെണ്ണം സ്ഥാപിച്ചിട്ടില്ലെന്നും 20 എണ്ണം തകരാറാണെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.