തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് തലസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗം ആഞ്ഞടിക്കുന്നു. വ്യാഴാഴ്ച 9720 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച 5684 പേരായിരുന്നു രോഗബാധിതർ. ഒറ്റ ദിവസം കൊണ്ട് 4036 പേരുടെ വർധനവാണുണ്ടായത്. ചികിത്സയിലുള്ളവരുടെ എണ്ണം 48,712 ആയി ഉയർന്നു. 46.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജില്ലയാകെ അതിതീവ്ര വ്യാപനത്തിലേക്ക് മാറിയ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ വെള്ളിയാഴ്ചമുതൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇന്നുമുതൽ ജില്ലയിൽ സാമൂഹിക സാംസ്കാരിക, മത സാമുദായിക രാഷ്ട്രീയ പൊതുപരിപാടികൾ ഒന്നും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം. വിവാഹം മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേരെ മാത്രമേ പാടുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനപ്രകാരമുള്ള മറ്റ് നിയന്ത്രണങ്ങളും നടപ്പാക്കും.
ജില്ലയിൽ അഞ്ചുപേർക്ക് കൂടി വ്യാഴാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചു. സർക്കാർ ആശുപത്രികളിലും ഓഫിസുകളിലും കോവിഡ് പടർന്നതോടെ ഇവയുടെ പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയിലാണ്. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർക്കും നഴ്സുകൾ ഉൾപ്പെടെ മറ്റു ജീവനക്കാർക്കും ഇടയിൽ കോവിഡ് വ്യാപനം രൂക്ഷമായി. ഡോക്ടർമാരും ജീവനക്കാരും കൂട്ടത്തോടെ കോവിഡ് ബാധിതരായത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷനുകളിലും കോവിഡ് വ്യാപനം ശക്തമായി. ഡ്യൂട്ടി നോക്കാൻ ആളില്ലാത്തതിനാൽ പലയിടത്തും കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്നവർക്ക് ക്വാറന്റീൻ അനുവദിച്ചിട്ടില്ല. നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ 13 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് ട്രെയിനിങ് കോളജിലും ക്യാമ്പുകളിലും കോവിഡ് വ്യാപിക്കുകയാണ്. ജില്ലയിൽ ഇന്നലെ വിലക്ക് ലംഘനം നടത്തിയതിന് 66 കേസുകളിലായി 20 പേർ അറസ്റ്റിലായി. 16 വാഹനങ്ങൾ പിടികൂടി.
കാട്ടാക്കട: മലയോര മേഖലയില് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കാട്ടാക്കട താലൂക്ക് ഓഫിസിൽ 13 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിൽ ആകെയുള്ള 21 വാർഡുകളിലുമായി 139 പേർക്കും കുറ്റിച്ചലിൽ കഴിഞ്ഞ ദിവസം 62 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് 102 കേസുകളാണ് കാട്ടാക്കടയിലുണ്ടായിരുന്നത്. ചെട്ടിക്കോണം, എട്ടിരുത്തി, കട്ടയ്ക്കോട് വാർഡുകളിലാണ് രോഗികളേറെയും.
കാട്ടാക്കടയിൽ രോഗനിയന്ത്രണത്തിന് പഞ്ചായത്ത് പ്രസിഡൻറ് കെ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ പൊലീസ്, റവന്യൂ, ആരോഗ്യവകുപ്പ് എന്നിവരുടെ യോഗം ചേർന്നു. വാഹന പ്രചാരണത്തിനും എല്ലാ വാർഡിലും അടിയന്തര യോഗം ചേരാനും ആർ.ആർ.ടിയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനിച്ചു. രോഗവ്യാപനം കൂടുതലുള്ള വാർഡുകളിൽ പരിശോധനാ സൗകര്യം ഏർപ്പെടുത്തുമെന്നും പൊലീസിന്റെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചതായും പ്രസിഡൻറ് അറിയിച്ചു. കാട്ടാക്കട, കുറ്റിച്ചൽ, പൂവച്ചൽ, കള്ളിക്കാട് തുടങ്ങി എല്ലാ പഞ്ചായത്തുകളിലും പരിശോധനയുടെ എണ്ണം കുറവാണ്. എന്നാൽ, എല്ലായിടത്തും പനിയും ജലദോഷവുമായി എത്തുന്നവരുടെ എണ്ണം വർധിച്ചതായി മെഡിക്കൽ ഓഫിസർമാർ പറഞ്ഞു.
പരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ആർ.ടി.പി.സി.ആർ പരിശോധന ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വൈകുന്നതായി പരാതിയുണ്ട്. പരിശോധനക്കായി എത്തുന്നവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.