പോത്തൻകോട് (തിരുവനന്തപുരം): പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ സംഘർഷം. സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരായ കണ്ണൻ (28), അഭിലാഷ് (26), ഉണ്ണി (27) എന്നിവരെ കന്യകുളങ്ങര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിരുപ്പാറ ജങ്ഷനിലായിരുന്നു ഇരുവിഭാഗവും ഏറ്റുമുട്ടിയത്. അയിരുപ്പാറ ഗവ.ഹയർ സെക്കന്‍ററി സ്കൂളിലെ ബൂത്തിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അന്ധയായ യുവതിയെ എത്തിച്ച് സി.പി.എം പ്രവർത്തകർ വോട്ട് ചെയ്തത് ബി.ജെ.പി പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലും ശക്തമായ കല്ലേറിലും കലാശിച്ചത്.
ഏറ്റുമുട്ടലിലും കല്ലേറിലും പോത്തൻകോട് സി.ഐക്കും പൊലിസുകാരനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദിന്‍റെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കല്ലേറിൽ സി.ഐ.യുടെ കൈയ്ക്കും പൊലിസുകാരന്‍റെ തലക്കുമാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി. വോട്ടെടുപ്പിൽ 60.12 ശതമാനമാണ് പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. ബുധനാഴ്ച രാവിലെ 10 മണിക്ക് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.