വട്ടിയൂർക്കാവ്: മുതിർന്ന സി.പി.എം നേതാവ് കാഞ്ഞിരംപാറ രവി സി.പി.ഐയിൽ ചേർന്നു. സി.പി.എം പാളയം ഏരിയ കമ്മിറ്റി അംഗം, പട്ടികജാതി ക്ഷേമ സമിതി ജില്ല പ്രസിഡൻറ്, കാഞ്ഞിരംപാറ വാർഡ് കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങളിൽ മുമ്പ് പ്രവർത്തിച്ചിരുന്ന കാഞ്ഞിരംപാറ രവിയും നിരവധി പ്രവർത്തകരുമാണ് സി.പി.ഐയിൽ ചേർന്നത്.
വട്ടിയൂർക്കാവ് മേഖലയിൽ സി.പി.എമ്മിനുള്ളിൽ അടുത്തിടെയുണ്ടായ വിഭാഗീയതയും ചേരിപ്പോരും ആശയക്കുഴപ്പവും ഇതോടെ മറനീക്കി പുറത്തുവന്നിട്ടുണ്ട്. സി.പി.എമ്മിലെ ചില നേതാക്കൾക്കെതിരെ രൂക്ഷവിമർശനങ്ങളും അണികൾ ഉയർത്തിയിട്ടുണ്ട്
പാർട്ടിയിൽ രൂക്ഷമായ ഭിന്നത അവസാനിപ്പിക്കാനും പ്രവർത്തകരെ അനുനയിപ്പിക്കാനും ജില്ലയിലെ ഏതാനും നേതാക്കൾ രഹസ്യമായി ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
പാർട്ടിയിലുള്ള അസംതൃപ്തിയാണ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേരാൻ കാരണമെന്ന് കാഞ്ഞിരംപാറ രവിയും വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐയിൽ ചേർന്ന കാഞ്ഞിരംപാറ രവിക്കും സഹപ്രവർത്തകർക്കും സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരണം ഒരുക്കി.
സി.പി.ഐ വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി ഓഫിസിൽ ചേർന്ന സ്വീകരണ യോഗം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.