തിരുവനന്തപുരം: അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദങ്ങൾ കാര്യവട്ടത്തെ പച്ചപ്പാടത്ത് അണമുറിയാതെ പെയ്തിറങ്ങിപ്പോൾ നിരാശ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ മുഖത്ത് മാത്രമായിരുന്നില്ല. കാതങ്ങൾ താണ്ടി ലക്ഷങ്ങൾ മുടക്കി കളി കാണാനെത്തിയ 12 അഫ്ഗാനിസ്താൻ ആരാധകർക്കും കൂടിയായിരുന്നു.
വ്യാഴാഴ്ച ദുബൈയിൽനിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഫ്ഗാൻ ആരാധകർ വെള്ളിയാഴ്ച ഉച്ചയോടെയാണ് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ദേശീയ പതാകയുമായി കാര്യവട്ടം സ്റ്റേഡിയത്തിലെത്തിയത്.
പക്ഷേ, ഗ്രൗണ്ടിൽ മഴ തിമിർക്കുന്നത് കണ്ട് നിൽക്കാനെ അവർക്കായുള്ളൂ. ഉച്ചക്ക് 3.45ഓടെ മഴമൂലം കളി ഉപേക്ഷിച്ചതായി ഇന്റർനാഷൽ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക അറിയിപ്പ് എത്തിയപ്പോഴും സ്റ്റേഡിയം വിടാൻ അവരുടെ മനസ്സ് അനുവദിച്ചില്ല.
ഡ്രസിങ് റൂമിലുള്ള തങ്ങളുടെ പ്രിയതാരങ്ങളെ കാണണം. പിന്തുണ പ്രഖ്യാപിക്കണം. ഒടുവിൽ അഫ്ഗാൻ താരങ്ങളിൽ ചിലർ ഗ്രൗണ്ടിലിറങ്ങി പെരുമഴയിലും ഗ്രൗണ്ടിലെത്തി പിന്തുണ നൽകിയ ആരാധകരോട് നന്ദി അറിയിച്ച് മടങ്ങുകയായിരുന്നു. സന്നാഹ മത്സരം കാണാൻ ഇത്രയുംദൂരം താണ്ടി എത്തിയ അഫ്ഗാൻ ആരാധകരെ ഗാലറിയിലുണ്ടായിരുന്ന മലയാളി ക്രിക്കറ്റ് പ്രേമികളും ഹസ്തദാനത്തോടെയാണ് മടക്കി അയച്ചത്.
ന്യൂനമർദം ശക്തിപ്രാപിച്ചതോടെ ഇന്ന് നടക്കുന്ന ഓസ്ട്രേലിയ-നെതർലന്റ്സ് മത്സരവും ത്രിശങ്കുവിലാണ്. ഇന്നും ശക്തമായ മഴ തലസ്ഥാനത്ത് ഉണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
മൂന്ന് മണിക്കൂറെങ്കിലും ഗ്രൗണ്ടിൽ വെയിൽ കിട്ടിയില്ലെങ്കിൽ 50 ഓവർ മത്സരം നടക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് കെ.സി.എ വൃത്തങ്ങൾ പറയുന്നു. ഔട്ട് ഫീൽഡ് അടക്കം നനഞ്ഞു കിടക്കുന്നതിനാൽ ഫീൽഡിങ്ങിനിടെ താരങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. ലോകകപ്പ് പടിവാതിലിൽ നിൽക്കെ ഇത്തരമൊരു സാഹസത്തിന് ടീം മാനേജ്മെന്റ് മുതിരില്ല. അതുകൊണ്ടുതന്നെ മഴ വിട്ടുമാറാതെ നിന്നാൽ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.