തിരുവനന്തപുരം നഗരസഭയിൽ മേയർ ആര്യ രാജേന്ദ്രൻ ആമുഖ പ്രസംഗം നടത്തുമ്പോൾ പ്രതിഷേധിക്കുന്ന ബി.ജെ.പി കൗൺസിലർമാർ
തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തിയുള്ള ബജറ്റ് പുസ്തകത്തിലെ മേയറുടെ പ്രസംഗത്തിനെതിരെ ബി.ജെ.പി പ്രതിഷേധം. 24 പേജുള്ള ആമുഖ പ്രസംഗത്തിൽ കേന്ദ്ര സർക്കാറിന്റെ വർഗീയവത്കരണ നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. മേയർ ആര്യ രാജേന്ദ്രൻ പ്രസംഗം വായിച്ചുതുടങ്ങിയപ്പോൾ തന്നെ ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു.
കൗൺസിൽ ഹാൽ വിട്ടിറങ്ങിയ ബി.ജെ.പി കൗൺസിലർമാർ ഹാളിന് ചുറ്റും മുദ്രാവാക്യം മുഴക്കി നീങ്ങിയ ശേഷം മേയറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. മേയർ പ്രസംഗം അവസാനിപ്പിക്കുന്നതുവരെയും മുദ്രാവാക്യംവിളി തുടർന്നു. ഈ സമയം മേയറുടെ പ്രസംഗത്തിന് പിന്തുണയുമായി ഭരണപക്ഷ കൗൺസിലർമാർ ഡസ്കിലിടിച്ച് ശബ്ദമുയർത്തി.
മേയർ പ്രസംഗം അവസാനിപ്പിച്ചശേഷമാണ് പ്രതിഷേധക്കാർ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ബജറ്റ് പുസ്തകത്തിന്റെ പുറംചട്ടയായ ഭരണഘടനയുടെ ചിത്രം കണ്ടപ്പോൾതന്നെ ബി.ജെ.പിക്കാർക്ക് വിറളിപിടിച്ചെന്ന് ബജറ്റ് അവതരണം തുടങ്ങുംമുമ്പ് ഡെപ്യൂട്ടി മേയർ പി.കെ. രാജു പറഞ്ഞു. ഈ പ്രതിഷേധക്കാർ കൗൺസിലിന് ശാപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കോർപറേഷൻ ബജറ്റ് ശബ്ദമില്ലാത്ത പടക്കംപോലെയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. പത്മകുമാർ പറഞ്ഞു. പിണറായി സ്തുതിപാടൽ നടത്തിയ മേയറുടെ ആമുഖവും കാര്യമായ പുതിയ പ്രഖ്യാപനങ്ങളില്ലാത്ത ഡെപ്യൂട്ടി മേയറുടെ ബജറ്റ് അവതരണവും നഗരവാസികൾക്ക് നിരാശ നൽകാനേ സഹായിക്കൂ. കേന്ദ്ര സർക്കാറിനെ പരസ്യമായി കുറ്റപ്പെടുത്തുകയും പിറകിലൂടെ കാലുപിടിക്കുകയും ചെയ്യുന്ന ഇടതു സർക്കാറിന്റെ തനിപ്പകർപ്പായി നഗരഭരണവും മാറിയെന്ന് ബജറ്റ് തെളിയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.