തിരുവനന്തപുരം: റോഡ് വികസനത്തിന്റെ പേരിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവരുന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട് തൈക്കാട് ആശുപത്രി പരിസരത്ത് വൈദ്യുതി മുടങ്ങി. രാവിലെ മുതൽ വൈകുവോളം വൈദ്യുതി മുടങ്ങിയതോടെ പേ വാർഡിലെ രോഗികളും ബന്ധുക്കളും ദുരിതത്തിലായി.
തുടർച്ചയായി പകൽനേരം മുഴുവനും വൈദ്യുതി മുടങ്ങിയതോടെ ക്ഷുഭിതരായ രോഗികളും കൂട്ടിരിപ്പുകാരും ശനിയാഴ്ച വൈകീട്ട് ആശുപത്രി സൂപ്രണ്ടിനോട് തട്ടിക്കയറി. മരംമുറി ഇനിയും അവസാനിക്കാത്തതിനാൽ ഞായറാഴ്ച പ്രശ്നം വീണ്ടും രൂക്ഷമാകാനാണ് സാധ്യത. തൈക്കാട് ഭാഗത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിലെ കൂറ്റൻ തണൽമരങ്ങൾ മുറിക്കാൻ തുടങ്ങിയത്.
വെള്ളിയാഴ്ച മുതലാണ് സമീപത്തെ ട്രാൻസ്ഫോർമർ ഓഫ് ചെയ്തശേഷം മരംമറി നടന്നുവന്നത്. മരംമുറി കാരണം തൈക്കാട് പരിസരത്ത് വൈദ്യുതി മുടങ്ങുമെന്ന് മുൻകൂട്ടി അറിയിപ്പ് നൽകിയതല്ലാതെ ബദൽക്രമീകരണങ്ങൾ നടത്താത്തതിനാൽ പേവാർഡിൽ പകൽ മുഴുവനും വൈദ്യുതി ഇല്ലാത്ത അവസ്ഥയായി.
വേനൽക്കാലം കൂടിയായതിനാൽ ശസ്ത്രക്രിയയും മറ്റും കഴിഞ്ഞ് പേവാർഡുകളിലുള്ളവർ നന്നേ പ്രയാസപ്പെട്ടു. ബദൽ ക്രമീകരണമായി ജനറേറ്റർ സംവിധനം ഏർപ്പെടുത്താത്തതാണ് ദുതിരം ഇരട്ടിയാക്കിയത്. എന്നാൽ ശസ്ത്രക്രിയ തിയറ്ററുകളിലും ലേബർ റൂമുകളിലും കൂടാതെ നഴ്സറികളിലും ജനറേറ്റർ സംവിധാനം ഉണ്ടായിരുന്നതിനാൽ ഇവിടങ്ങളിൽ വൈദ്യുതി മുടക്കം പ്രതിസന്ധി സൃഷ്ടിച്ചില്ല.
തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ 29 ഓളം പേവാർഡുകളാണുള്ളത്. അതിൽ ആറെണ്ണം ഡീലക്സ് പേവാർഡാണ്. ഇവയിൽ മുഴുവനും രോഗികളുണ്ട്. മരംമുറി തീരുന്നതുവരെ ജനറേറ്റർ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ആശുപത്രിക്ക് മുന്നിലെ വർഷങ്ങൾ പഴക്കമുള്ള തണൽമരങ്ങൾ വെട്ടിമുറിക്കുന്നതിൽ പരിസരവാസികളിലും പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.