തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കുറ്റക്കാരായ എസ്.എഫ്.ഐക്കാരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ സംഘർഷം. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു മാർച്ച്. ബാരിക്കേഡ് മറിച്ച് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. സംഘർഷത്തിൽ രണ്ട് വനിതാപ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റു.
പരിക്കേറ്റ സംസ്ഥാന കമ്മിറ്റി അംഗം നസിയ മുണ്ടപ്പള്ളി, ജില്ല വൈസ് പ്രസിഡന്റ് വൈഷ്ണ എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധനത്തിനിടയിൽ പ്രവർത്തകരിൽ ചിലർ പൊലീസ് വാഹനത്തിന് മുകളിലും കയറി. അരമണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിൽ പ്രവർത്തകർ പ്രകടനമായി പാളയം ഭാഗത്തേക്ക് പോയതോടെയാണ് സംഘർഷം അയഞ്ഞത്. ഒരു മണിക്കൂറോളം സെക്രേട്ടറിയറ്റിനുമുന്നിലെ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു.
പ്രതിഷേധ മാർച്ച് മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ കാമ്പസുകളിൽ നടത്തുന്നത് സംഘടനാപ്രവർത്തനമല്ല, അധോലോക പ്രവർത്തനമാണെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എമ്മും നേതാക്കളും എസ്.എഫ്.ഐയുടെ അക്രമങ്ങൾക്ക് എല്ലാ സഹായവും നൽകുന്നു. സിദ്ധാർഥനെ വിചാരണ നടത്തി മർദിച്ച എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളും പൊലീസും ഒരുമിച്ച് പ്രവർത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ജില്ല പ്രസിഡന്റ് ഗോപുനെയ്യാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആദേഷ്സുധർമൻ, എസ്.കെ. അരുൺ, ശരത് കുളത്തൂർ, കൃഷ്ണകാന്ത്, ജെറിൻ ജേക്കബ്, ലിനെറ്റ് മെറിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.