തിരുവനന്തപുരം: ജലജീവൻ പദ്ധതിയുടെ പണിക്കിടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വാൽവ് അടച്ചതോടെ കല്ലാട്ടുമുക്ക് പരവൻകുന്നിൽ അഞ്ചുദിവസമായി കുടിവെള്ളത്തിനായി നെട്ടോട്ടം.
കമലേശ്വരം പരവൻകുന്ന് റോഡിലെ പണിയുടെ തുടർച്ചയായി വാട്ടർ അതോറിറ്റിയുടെ ജലജീവൻ പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ട പണിക്കിടയിലാണ് പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴായിരുന്നത്. ഇതിനെതുടർന്നാണ് വാൽവ് അടച്ചത്.
പണി പൂർത്തിയാക്കാതായതോടെ കല്ലാട്ടുമുക്ക്, ജൂബിലി നഗർ, മൈത്രി നഗർ, വി വൺ നഗർ, സ്വാഗത് നഗർ തുടങ്ങിയ ഭാഗങ്ങളിൽ കഴിഞ്ഞ അഞ്ചുദിവസമായി കുടിവെള്ളം ലഭിക്കാതെ നാട്ടുകാർ നെട്ടോട്ടത്തിലാണ്. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥെരയും നേരിട്ടുകണ്ട് പരാതി പറഞ്ഞിട്ടും പരിഹാരമായില്ല.
ശനിയാഴ്ച ചില സ്ഥലങ്ങളിലെ വാൽവ് തുറന്നത് കാരണം ചിലയിടങ്ങളിൽ വളരെ ചെറിയതോതിൽ പൈപ്പിലൂടെ വെള്ളം ലഭിക്കുന്നുണ്ട്. ഇത് ശേഖരിച്ചുെവച്ചിട്ടും പ്രാഥമിക ആവശ്യം പോലും നിർവഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അനന്തമായി നീളുന്ന റോഡ് പണിയും ഇടക്കിടെ പൊട്ടുന്ന പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികളും കാരണം പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂർണമായി.
പേരൂര്‍ക്കട: കുടപ്പനക്കുന്നിന് സമീപം ഊന്നന്പാറയില് പൊട്ടിയ 250 എം.എം കാസ്റ്റ് അയണ്‍ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് ശനിയാഴ്ച പമ്പിങ് ആരംഭിച്ചെങ്കിലും ഞായറാഴ്ചയും പേരൂര്‍ക്കട സെക്ഷന്‍ പരിധിയിലെ നിരവധി സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങിയതായി പരാതി. ചൂഴമ്പാല, പാതിരിപ്പളളി, എന്‍.സി.സി റോഡ്, എന്‍.സി.സി നഗര്‍, കുടപ്പനക്കുന്നിന്റെ മറ്റു വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ജലവിതരണം പൂര്‍ണമായും മുടങ്ങിയത്.
ഞായറാഴ്ച പുലര്‍ച്ച മുതല്‍ ഉച്ചവരെയും ഈ ഭാഗങ്ങളില്‍ കുടിവെള്ളം ലഭിച്ചിരുന്നില്ല. പമ്പിങ് പുനരാരംഭിച്ചതിനെത്തുടര്‍ന്ന് വായു കടന്നതിനാല്‍ വാല്‍വുകളില്‍ തകരാറ് സംഭവിച്ചതാണ് പ്രശ്നത്തിന് കാരണമായതെന്നും ഞായറാഴ്ച ഉച്ചയോടുകൂടി പ്രശ്നത്തിന് പരിഹാരമുണ്ടായിയെന്നുമാണ് പേരൂര്‍ക്കട സെക്ഷന്‍ അധികൃതര്‍ പറഞ്ഞത്. ഇതിനു പിന്നാലെ തന്നെ വൈകീട്ട് 3.30 ഓടുകൂടി പ്രദേശങ്ങളിലെല്ലാം ജലവിതരണം സാധാരണ നിലയിലാകുകയായിരുന്നെന്നാണ് ഉപഭോക്താക്കളും അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.