മംഗലപുരം: മംഗലപുരത്ത് ഗുണ്ടാ ലഹരിമാഫിയയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്നാം പ്രതി ഒളിവിൽ. മൂന്നാം പ്രതിയായ മുള്ളൻ കോളനിയിൽ ആലുനിന്നവിള വീട്ടിൽ അൻസർ(26) ആണ് ഒളിവിൽ പോയത്. പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായും ഉടനെ പിടികൂടുമെന്നും മംഗലപുരം പൊലീസ് പറഞ്ഞു.
കൊയ്ത്തൂർക്കോണം വെള്ളൂർ പള്ളിക്ക് സമീപമാണ് മൂന്നംഗ സംഘം നാലുപേരെ ശനിയാഴ്ച രാത്രി ഏഴരയോടെ ആക്രമിച്ചത്. ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ മോഹനപുരം സ്വദേശിയായ പതിനഞ്ചുകാരനെയും പൊലീസ് പിടികൂടിയിരുന്നു. 15 വയസ്സുകാരനെ ജുവനൈൽ ബോർഡിൽ ഹാജരാക്കി.
മറ്റു പ്രതികളായ മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം എസ്.ആർ. മൻസിലിൽ ഷെഹിൻ കുട്ടൻ(26), മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ അഷ്റഫ്(24) എന്നിവരെ പിടികൂടി ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളൂർ പള്ളിയിൽനിന്ന് നോമ്പുതുറന്ന് തിരികെ പോകുന്നതിനിടയിലായിരുന്നു മൂന്നുപേർക്ക് കുത്തേൽക്കുകയും ഒരാൾക്ക് മർദനമേൽക്കുകയും ചെയ്തത്. കളി സ്ഥലത്ത് ഫുട്ബാൾ കളിയിൽ ഉണ്ടായ തർക്കമാണ് ക്വട്ടേഷൻ നൽകാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, രണ്ടു ദിവസമായി കളിക്കിടയിൽ 15 വയസ്സുകാരനെ മർദ്ദിച്ചതാണ് ഇങ്ങനെയൊരു ആക്രമണത്തിൽ എത്തിച്ചതെന്ന് 15 വയസ്സുകാരന്റെ ബന്ധുക്കൾ പറയുന്നു. ആനതാഴ്ച്ചിറ നിസാം മൻസിലിൽ നിസാമുദ്ദീൻ(19), വെള്ളൂർ സ്വദേശി സജിൻ(19), ആനതാഴ്ച്ചിറ ലക്ഷം വീട് കോളനിയിൽ സനീഷ്(21), നിഷാദ്(19) എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.