തിരുവനന്തപുരം: മത്സ്യലഭ്യതയിലെ കുറവ് തീരമേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. യഥേഷ്ടം മത്സ്യം കിട്ടേണ്ട സമയമായിട്ടും ലഭിക്കുന്ന മീനിന്റെ അളവിൽ വലിയ കുറവാണ് സംഭവിച്ചിട്ടുള്ളത്. വിഴിഞ്ഞത്താണ് തീരക്കടലിലെ മത്സ്യത്തിന്റെ കുറവ് ഏറെ. വലിയൊരു ശതമാനം തൊഴിലാളികളും കടലിൽ പോകുന്നില്ല. പോകുന്ന തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്.
ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുകയുൾപ്പെടെ 8000ത്തോളം രൂപ കടലിൽ പോകാൻ ചെലവ് വരുന്നു. ഒരു വള്ളത്തിൽ കുറഞ്ഞത് നാലു മുതൽ ആറു പേർ വരെ പോകാറുണ്ട്.
മത്സ്യലഭ്യത കുറഞ്ഞതിനാൽ ചെലവാകുന്ന തുക പോലും ലഭിക്കാത്ത സ്ഥിതിയാണ്. മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. ഉള്ളതിന് വൻ വിലയുമാണ്. അതിനാൽ കുറച്ച് മത്സ്യം മാത്രമാണ് ഇവർ വാങ്ങുന്നത്. കുമരിച്ചന്തയടക്കം മൊത്ത മാർക്കറ്റുകളിൽ മീനിന് വലിയ വിലയാണ്.
വലിയ വിലയ്ക്ക് മീൻ വാങ്ങി വിൽക്കാൻ കൊണ്ടുപോയാൽ ഉപഭോക്താക്കൾ വാങ്ങാൻ മടിക്കുകയാണെന്നും മത്സ്യവിൽപന രംഗത്തുള്ള വനിതകൾ പറയുന്നു. മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടകൾ പലതും അടഞ്ഞുകിടക്കുകയാണ്. മീൻ ഉണക്കി വിൽപന നടത്തുന്നവരും പ്രതിസന്ധിയിലാണ്. അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖ നിർമാണ പ്രവർത്തനങ്ങൾ വിഴിഞ്ഞം മേഖലയിലെ മത്സ്യലഭ്യതക്ക് തടസ്സമാകുന്നുണ്ടോയെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾ പങ്കുവെക്കുന്നു.
കുമാരിച്ചന്തയിൽ നാല് കിലോ അയലക്ക് 500 രൂപവരെയയായിരുന്നു വിലയെങ്കിൽ ഇപ്പോൾ മൂന്ന് കിലോക്ക് 500 രൂപ നൽകണം. കിലോ നൂറ് രൂപക്ക് കിട്ടിയിരുന്ന നെത്തോലിക്ക് 250 രൂപയാണ്. ചാളക്ക് മാത്രമാണ് വിലക്കുറവ്. കിലോ 100-150 രൂപ നിരക്കിലാണ് വിൽപന. ചൂര, കണവ പോലുള്ള മത്സ്യങ്ങൾക്കും ഉയർന്ന വിലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.