തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരപ്രളയം. പത്തോളം സംഘടനകളാണ് വിവിധ വിഷയങ്ങളിൽ സമരവുമായി എത്തിയത്. കേരളത്തിലെ യു.എ.പി.എ തടവുകാരുടെ നീതിക്കുവേണ്ടിയും ഭീകര നിയമങ്ങൾക്കെതിരെയും ജസ്റ്റിസ് ഫോർ യു.എ.പി.എ പ്രിസണേഴ്സിെൻറ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. താഹ കേസ് വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ചുമത്തിയ മുഴുവൻ യു.എ.പി.എ കേസുകളും പിൻവലിക്കുക, മക്കോക്ക മോഡൽ നിയമനിർമാണ നീക്കം ഉപേക്ഷിക്കുക, എൻ.ഐ.എ മോഡലിൽ രൂപവത്കരിക്കാനിരിക്കുന്ന സംസ്ഥാന അന്വേഷണ ഏജൻസി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സർക്കാർ ജോലി ആവശ്യപ്പെട്ട് കായികതാരങ്ങളുടെ സമരം മനുഷ്യവകാശ ദിനത്തിലും സജീവമായിരുന്നു. മുദ്രാവാക്യങ്ങളുയർത്തി സമരഗേറ്റിന് മുന്നിൽ അവർ ധർണ നടത്തി. ദലിത് ക്രൈസ്തവർക്ക് പട്ടികജാതി അവകാശം ആവശ്യപ്പെട്ട് സി.ഡി.സി-ഡി.സി.എം.എസിെൻറ ആഭിമുഖ്യത്തിൽ ധർണ നടത്തി. പട്ടികവിഭാഗങ്ങളുടെ വിവിധ അവകാശങ്ങളും ആവശ്യങ്ങളും ഉയർത്തിയായിരുന്നു കെ.പി.എംഎസ് ഏകോപന സമിതി ധർണ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ർമാരുടെ നിൽപ് സമരം തുടരുകയാണ്. കെ റെയിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർവോദയ മണ്ഡലം ഉപവസിച്ചു. കെ റെയിൽ ഉപേക്ഷിക്കുക അടക്കം വിവിധ ആവശ്യങ്ങൾ ഉയർത്തി ആർ.എം.പി ധർണ നടത്തി.
കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങളിൽ കർശന നടപടിയെടുക്കണമെന്നും ഇന്ധന വില വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ സമിതി ധർണ നടത്തി. കണ്ടിൻജൻറ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയൻറ് കൗൺസിലിെൻറ നേതൃത്വത്തിൽ കൂറ്റൻ ധർണ നടന്നു. സി.പി.ഐ നേതാവ് സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.