മെഡിക്കല്‍ കോളജ്: ആഴ്ചകള്‍ക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ ജീവനക്കാരനും ഹോസ്പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന് (സി.ഐ.ടി.യു) നേതാവുമായ ആളിൽനിന്ന് കണക്കില്‍പെടാത്ത 6.5 ലക്ഷം രൂപ കണ്ടെടുത്തു. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ശിവപ്രസാദ്, അക്കൗണ്ട്സ് ഹെഡ് രതീഷ് ആര്. നായര്‍ എന്നിവര്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
കാത്ത് ലാബ് കൈകാര്യ ഫീസായി രോഗികളില്‍നിന്നു കൈപ്പറ്റിയ പണമാണ് തിരിമറി നടത്തി നിക്ഷേപിച്ചത്. ആശുപത്രി വികസന സമിതിയില്‍ അടയ്ക്കാതെ ഇയാള്‍ പണം തട്ടിയെടുത്തെന്ന പരാതിയില്‍ ആശുപത്രി സൂപ്രണ്ടായിരുന്ന എ. നിസാറുദ്ദീന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും തുടര്‍അന്വേഷണത്തില്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
എച്ച്.ഡി.എസ് കാത്ത് ഓഫിസിലെ കാഷ്യര്‍ ആണ് സസ്പെന്‍ഷനിലായ ആൾ. എച്ച്.ഡി.എസില്‍ അടയ്ക്കേണ്ട പണം അനധികൃതമായി സൂക്ഷിക്കുകയും സാമ്പത്തികക്രമക്കേട് നടത്തുകയും ചെയ്തതായി രേഖകള്‍ സഹിതം കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. ഇതിനെതുടര്‍ന്നുണ്ടായ പരിശോധനയിലാണ് ലോക്കറില്‍നിന്നു കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.