തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി രക്ഷപ്പെട്ട ഉത്തർപ്രദേശ് മോഷണസംഘം തലസ്ഥാനത്ത് വൻമോഷണത്തിനാണ് പദ്ധതിയിട്ടതെന്ന് പൊലീസ്. ആറ്റുകാലിന് പുറമെ ഈ സംഘം തുമ്പയിലും മോഷണം നടത്തിയെന്നാണ് കണ്ടെത്തൽ. പുതപ്പുവിൽപനക്കാരായി നഗരം മുഴുവൻ മോഷണ സംഘം സഞ്ചരിച്ചു.
ആളില്ലാത്ത വീടുകൾ കണ്ടെത്തുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. തമ്പാനൂർ, ആയുർവേദ കോളജ് ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ആറംഗ സംഘം താമസിച്ചുവന്നത്. സംഘത്തിലെ മുഖ്യപ്രതി മോനിഷിനൊപ്പമുണ്ടായിരുന്നത് ഉത്തർപ്രദേശ് സ്വദേശി ഗുലാം മുഹമ്മദ് ആണെന്ന സംശയം പൊലീസിനുണ്ട്.
സംഘാംഗങ്ങൾ എന്ന് സംശയിക്കുന്ന മറ്റ് ചിലരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പലയിടങ്ങളിൽ നിന്നായി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ആരൊക്കെയാണെന്ന കാര്യവും പരിശോധിച്ച് വരുകയാണ്. തലസ്ഥാനനഗരിയിൽ പൊലീസിനും നാട്ടുകാർക്കും നേരെ തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അവരെ പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടായിട്ടുണ്ട്.
സംഭവത്തിലെ മുഖ്യപ്രതി ഉത്തർപ്രദേശ് സ്വദേശി മോനിഷാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളാണ് മോഷണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നാണ് അനുമാനിക്കുന്നത്. മൂന്നുമാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളുടെ സംഘാംഗങ്ങൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയിട്ടുണ്ട്. കോവളത്ത് നിന്ന് വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങിയത്.
വാഹനം വാടകക്ക് എടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. പ്രതികൾക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയപ്പോഴാണ് മോനിഷിനെ തിരിച്ചറിയാനായത്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് ഒരു സ്കൂട്ടറിൽ കറങ്ങി രണ്ടുപേർ നഗരത്തിൽ ഭീതിപടർത്തിയത്.
ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ആറ്റുകാലിന് സമീപത്തെ ഒരു വീട്ടിൽ നിന്ന് അഞ്ചുപവനും പണവും മോഷണം നടത്തി. അവിടെ നിന്ന് ഇടപ്പഴഞ്ഞിയിലെത്തിയ ഇവർ ഒരു അധ്യാപികയുടെ വീട്ടിൽ മോഷണശ്രമം നടത്തി. മോഷണ ശ്രമം തടയാൻ ശ്രമിച്ചപ്പോള്‍ നാട്ടുകാരന് നേരെ മോഷ്ടാക്കള്‍ തോക്കുചൂണ്ടി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാക്കളെ തടയാൻ ശ്രമിച്ച പൊലീസിന് നേരെയും തോക്കുചൂണ്ടി. മണിക്കൂറുകള്‍ നഗരത്തിൽ കറങ്ങി നടന്നവർ പി.എം.ജിക്ക് സമീപം പൊലീസ് ക്വാർട്ടേഴ്സിനടുത്ത് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.