തിരുവനന്തപുരം: ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപത്തെ മാലിന്യ നിക്ഷേപത്തിൽ മനുഷ്യാവകാശ കമീഷന് മുന്നിൽ ആകാശവാണിയെ പഴിച്ച് തിരുവനന്തപുരം കോർപറേഷൻ. മാലിന്യക്കൂമ്പാരം നിറഞ്ഞ സ്ഥലം കേന്ദ്രസർക്കാറിന്റെ അധീനതയിൽ വരുന്ന റേഡിയോ നിലയത്തിന്റെതാണെന്നും മാലിന്യം നീക്കാൻ കോർപറേഷൻ ശ്രമിച്ചപ്പോൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചില്ലെന്നും ബുധനാഴ്ച കമീഷൻ ആസ്ഥാനത്ത് നടന്ന സിറ്റിങ്ങിൽ കോർപറേഷൻ സെക്രട്ടറി അറിയിച്ചു. മാലിന്യപ്രശ്നം സംബന്ധിച്ച ‘മാധ്യമം‘ വാർത്തയെതുടർന്ന് കഴിഞ്ഞ മാസം 27നാണ് മനുഷ്യാവകാശ
കമീഷൻ സ്വമേധായ കേസെടുത്തത്. സ്കൂൾ പരിസരത്തെ മാലിന്യക്കൂമ്പാരം നാലുദിവസത്തിനകം നീക്കം ചെയ്യണമെന്നും കമീഷൻ ഉത്തരവിട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോർപറേഷൻ സ്വീകരിച്ച നടപടികൾ ഈ മാസം ഒമ്പതിന് കമീഷൻ ആസ്ഥാനത്ത് നേരിട്ടെത്തി കോർപറേഷൻ സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വിശദീകരണമെന്ന് കമീഷൻ അധ്യക്ഷ ൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച കോർപറേഷൻ അധികൃധർ മനുഷ്യാവകാശ കമീഷന് മുന്നിൽ ഹാജരായത്.
36 ഏക്കറിൽ വരുന്ന കോമ്പൗണ്ടിൽ പ്രദേശവാസികളും സാമൂഹികവിരുദ്ധമാരുമാണ് നിരന്തരം മാലിന്യം നിക്ഷേപിക്കുന്നത്. കോമ്പൗണ്ടിന്റെ ചുറ്റുമതിലിൽ പലഭാഗത്തും ഉയരം കുറവായതും വെളിച്ചം കുറവായതുമാണ് മാലിന്യ നിക്ഷേപത്തിന് സഹായകരമാകുന്നത്. പരിസരം വൃത്തിയാക്കുന്നതിനുള്ള അനുമതിക്കായി ജില്ല ലീഗൽ സർവീസ് അതോറിറ്റി ഈ മാസം നാലിന് ആകാശവാണി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് മാറ്റുകയും ജൈവമാലിന്യം കോമ്പൗണ്ടിൽ തന്നെ കുഴിച്ച് മൂടുമെന്നും കോർപറേഷൻ അറിയിച്ചു.
കൂടാതെ ഈ സ്ഥലത്ത് മാലിന്യ നിക്ഷേപം നടത്താതിരിക്കുന്നതിന് റേഡിയോ നിലയത്തിന്റെ ചുറ്റുമതിൽ ഉയർത്തുന്നതിനും ഫെൻസിങ്, സി.സി.ടി.വി കാമറ, ഇലക്ട്രിക് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിനും ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ ജനറലിന് കത്ത് നൽകിയിട്ടുണ്ടെന്നും കോർപറേഷൻ അറിയിച്ചു. ഇതേതുടർന്ന് കേസിൽ ആകാശവാണിയെകൂടി കക്ഷിചേർത്ത് നോട്ടീസ് അയക്കാൻ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവായി.
തിരുവനന്തപുരം: ബീമാപള്ളി നഴ്സറി സ്കൂളിന്റെ ശോച്യാവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചെന്നാരോപിച്ച് വനിത ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ. നഴ്സറി സ്കൂളിലെ ആയമാരായി പ്രവർത്തിച്ചിരുന്ന എസ്.സിന്ധു, എസ്. ഷീജ എന്നിവരെ സ്ഥലം മാറ്റി. കോർപറേഷന്റെ സാനിട്ടേഷൻ വർക്കർമാരായിരുന്ന ഇരുവരെയും നേഴ്സറി സ്കൂളിലേക്ക് ആയമാരായി നിയമിക്കുകയായിരുന്നു.
ഇവർക്ക് പകരം ആളെ സ്കൂളിലേക്ക് നിയമിച്ചിട്ടില്ല. ഇതോടെ സ്കൂളിൽ അധ്യാപിക മാത്രമായി. അതേസമയം സ്കൂളിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് മുമ്പാകെ കോർപറേഷനെതിരെ മൊഴി നൽകിയതിന് അധ്യാപികക്കെതിരെയും കോർപറേഷൻ നടപടിക്കൊരുങ്ങുകയാണെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്കൂളിലെ അടിസ്ഥാന സൗകര്യമില്ലായ്മയും മാലിന്യപ്രശ്നവും സംബന്ധിച്ച് അധ്യാപിക നിരവധി പരാതികൾ തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിക്കും മേയർക്കും നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കൗൺസിലറും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ല.
ഇതുസംബന്ധിച്ച പരാതികളുടെ കോപ്പികൾ ഈ മാസം നാലിന് ജില്ല ലീഗൽ അതോറിറ്റി സ്കൂൾ സന്ദർശിച്ച വേളയിൽ അധ്യാപിക ഹാജരാക്കിയിരുന്നു. ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അധ്യാപിക ലീഗൽ അതോറിറ്റി സെക്രട്ടറിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി. ഇതാണ് പ്രതികാരനടപടിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ഭരണസൗകരാർഥമാണ് ജീവനക്കാരെ മാറ്റിയതെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.