തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ ഭാഗമായിത്തന്നെ അതിഥി തൊഴിലാളികളെ കണ്ടാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന മലയാളം മിഷൻ പദ്ധതിയായ ‘അനന്യ മലയാളം അതിഥി മലയാളം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു മേഖലയിലും നഗര-ഗ്രാമ ഭേദമെന്യേ അതിഥി തൊഴിലാളികളുണ്ട്. 20 ലക്ഷം പേർ നിർമാണ മേഖലയിലും ഏഴു ലക്ഷത്തോളം പേർ ഉൽപാദന മേഖലയിലും സേവനം നൽകുന്നു. ഉൽപാദന മേഖലയിലുള്ള ഭൂരിഭാഗവും കുടുംബമായാണ് താമസിക്കുന്നത്.
അതുകൊണ്ടുതന്നെ മക്കളുടെ സ്കൂൾ കാര്യത്തിനും സർക്കാർ ഓഫിസ് വഴിയുള്ള ഇടപെടലുകൾക്കും മലയാള ഭാഷാ പഠനം ആവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മലയാളം മിഷൻ പുറത്തിറക്കിയ പാഠപുസ്തകമായ ‘കണിക്കൊന്ന’ അതിഥി തൊഴിലാളിയായ അസം സ്വദേശി ലറ്റീസൻ മരാകിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിച്ചു.
അതിഥി തൊഴിലാളികൾ വസിക്കുന്ന ഇടങ്ങളിൽ അധ്യാപകർ നേരിട്ടെത്തി മലയാളം മിഷന്റെ നേതൃത്വത്തിൽ മലയാളം പഠിപ്പിക്കുമെന്നും വാട്ട്സ്ആപ് ഗ്രൂപ്പുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിലാണ് ആദ്യം നടപ്പാക്കുക. പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻറണി, ഡയറക്ടർ എസ്. സുബ്രഹ്മണ്യൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ വിനോദ് വൈശാഖി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.