കഠിനംകുളത്ത് ഗുണ്ടാ ആക്രമണം; രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ചു

കഠിനംകുളം: പുത്തൻതോപ്പ് ആശുപത്രി ജങ്ഷനിലെ കടകൾക്ക് നേരെ ഗുണ്ടാ ആക്രമണം. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. കടകളിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്നാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്.

ഇറച്ചിക്കട നടത്തുന്ന ഹസ്സനെയും സഹായിയായ അസ്സം സ്വദേശി അമീറിനെയും വെട്ടി പരിക്കേൽപിച്ചു. കടയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.  കടയിലുണ്ടായിരുന്ന പണം മുഴുവൻ അക്രമികൾ കൈക്കലാക്കി കട തല്ലി തകർത്തു. ആക്രമണം കണ്ട് നിന്ന സമീപത്തെ പച്ചക്കറി കടയുടമയായ സ്ത്രീ ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്ത് ബിൽഡിങ് ഡിസൈൻ സ്ഥാപനം നടത്തുന്ന കെട്ടിട ഉടമ കൂടിയായ ടിറ്റു ഐസക്കിന് നേരെയും സംഘം ആക്രമണം നടത്തി.

ഭാര്യയുടേയും കുഞ്ഞിന്‍റെയും മുന്നിൽ വെച്ചാണ് ടിറ്റുവിനെ ആക്രമിച്ചത്. ഈ പ്രദേശത്തുള്ള മുഴുവൻ സ്ഥാപനങ്ങളിലും കയറി ഭീഷണി മുഴക്കിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. ആക്രമണം നടത്തിയ ശേഷം കരിഞ്ഞ വയൽഭാഗത്ത് എത്തിയ സംഘം അവിടെ നിന്ന യുവാക്കളോട് ബൈക്ക് ആവശ്യപ്പെട്ടു. ബൈക്കിൽ ആവശ്യത്തിന് പെട്രോൾ ഇല്ലെന്ന് യുവാക്കൾ പറഞ്ഞതോടെ അവരുടെ നേരെയും സംഘം ആക്രണം നടത്തി. ആക്രമണത്തിൽ ചിറയ്ക്കൽ സ്വദേശി വൈശാഖിന് പരിക്കേറ്റു. വൈശാഖിന്റെ ആക്ടിവ സ്കൂട്ടറും തല്ലി തകർത്തു.

അക്രമികളുടെ പുറകെ പൊലീസും ഒരു സംഘം നാട്ടുകാരും എത്തിയെങ്കിലും ഇടവഴികളിലൂടെ രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ രാജേഷ്, അപ്പുകുട്ടൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിലാണ് ഇവർ ജയിൽ മോചിതരായത്. എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.

Tags:    
News Summary - Gunda attack in Katinamkulam; Two were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.