മെഡിക്കല്‍ കോളജ്: ശനിയാഴ്ച നിലക്കാതെ പെയ്ത മഴയുടെ ദുരിതം ഒഴിയുന്നില്ല. തീരദേശങ്ങളില്‍ വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമിറങ്ങിയെങ്കിലും ദുരിതം തുടരുകയാണ്. നഗരത്തിലെ കുമാരപുരം, കണ്ണമ്മൂല, ഗൗരീശപട്ടം, വഞ്ചിയൂര്‍ തേക്കുംമൂട് ബണ്ട് കോളനി തുടങ്ങിയ സ്ഥലങ്ങലിലെ 160ഓളം വീടുകളില്‍ കയറിയ വെള്ളം ഏറക്കുറെ ഇറങ്ങി കഴിഞ്ഞു.
വീടുകളില്‍ അടിഞ്ഞുകൂടിയ ചളിയും മറ്റു മാലിന്യവും കഴുകി വൃത്തിയാക്കുന്നതിനുള്ള തത്രപ്പാടിലായിരുന്നു ചൊവ്വാഴ്ചയും മിക്ക വീട്ടുകാരും. ഈ ഭാഗങ്ങളിലെ വീടുകളിലെ വീട്ടുപകരണങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വെള്ളംകയറി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പേട്ട, കരിക്കകം ഭാഗങ്ങളില്‍ വീടുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ചൊവ്വാഴ്ച നിരവധി വീട്ടുകാര്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടിയിരുന്നു. ചാക്കയില്‍നിന്ന് അഗ്നിരക്ഷാസേന അധികൃതര്‍ വീടുകള്‍ സന്ദര്‍ശിച്ചെങ്കിലും അവര്‍ക്ക് വെള്ളം പമ്പ് ചെയ്ത് കളയുന്നതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ തിരികെ മടങ്ങി.
തീരദേശങ്ങളായ വേളി, വെട്ടുകാട്, ഓള്‍സെയിന്റ്സ്, തുമ്പ, ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വെട്ടുകാട് സെന്റ് മേരീസ് എല്‍.പി.എസ്, കരിക്കകം ഗവ.എച്ച്.എസ്.എസ്, വേളി യൂത്ത് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 50ഓളം പേരെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. തേക്കുംമൂട് താൽക്കാലിക ക്യാമ്പിൽ 280ഓളം പേരും, കുന്നുകുഴി ഗവ. എല്‍.പി.എസില്‍ 29 പേരെയും പാര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വെട്ടുകാടിന്റെ ദുരിതം തീരുന്നില്ല. നാലാം ദിവസവും രൂക്ഷമായ വെള്ളക്കെട്ടിലാണ് വെട്ടുകാട്. വെള്ളം ഒഴിഞ്ഞുപോകാൻ ഓടകളില്ലാത്തതിനാൽ വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം നനഞ്ഞു കുതിർന്നനിലയിലാണ്. മാറിയുടുക്കാൻ വസ്ത്രങ്ങൾപേലും ഇവിടെയുള്ളവർക്കില്ല. കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്തതും ദുരിതം വർധിപ്പിക്കുന്നു.
ജനപ്രതിനിധികളോ കോർപറേഷൻ അധികൃതരോ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം ശക്തമായതോടെ വെള്ളം പമ്പ് ചെയ്യാൻ സൗകര്യമൊരുക്കി. എന്നാൽ, മൂന്ന് പമ്പു സെറ്റുകളുണ്ടെങ്കിലും അതും പര്യാപ്തമല്ല. എന്നാല്‍, പ്രതീക്ഷകള്‍ക്ക് മങ്ങൽ ഏല്‍പ്പിച്ച് പലസ്ഥലങ്ങളിലും ചൊവ്വാഴ്ച വൈകീട്ടോടെ മഴ വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.