തിരുവനന്തപുരം: കാട്ടുതേനീച്ചയുടെ കൂട് നശിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് തേനീച്ച ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടത്തിൽ മരിച്ച വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത പോലീസ്, ആശുപത്രി അധികൃതർക്കെതിരെയും കമീഷൻ അന്വേഷണത്തിന് നിർദേശം നൽകി. കഴക്കൂട്ടം പൊലീസ് അസി.കമീഷണറും തിരുവനന്തപുരം നഗരസഭ സെക്രട്ടറിയും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ചെമ്പഴന്തി പറയ്ക്കോട് പൂടിയാംകോട് കിഴക്കേവീട്ടിൽ വിജയമ്മയാണ് ജനുവരി 13ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിജയമ്മയുടെ മകന്റെ ഭാര്യ ലേഖാകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. വിജയമ്മയെ രക്ഷിക്കാനെത്തിയ മകൻ സുനിൽകുമാറിന് നേരെയും ആക്രമണമുണ്ടായി. ഗുരുതര പരിക്കേറ്റ സുനിൽകുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിക്കാരിയുടെ വീടിനോട് ചേർന്ന് സന്തോഷ്കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ പറങ്കിമാവിൽ കൂടുകൂട്ടിയ കാട്ടുതേനീച്ചയുടെ ആക്രമണത്തിലാണ് വയോധിക മരിച്ചതെന്ന് പരാതിയിൽ പറയുന്നു. കാട്ടുതേനീച്ചയുടെ കൂട് നശിപ്പിക്കണമെന്ന് വസ്തു ഉടമയോട് നിരന്തരം പറഞ്ഞിട്ടും കേൾക്കാത്തതുകൊണ്ടാണ് തങ്ങൾക്ക് ദുരന്തമുണ്ടായതെന്നും പരാതിയിൽ പറയുന്നു. പൗഡിക്കോണം വാർഡ് നഗരസഭ കൗൺസിലറെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയിലുണ്ട്.
കൂട് നശിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫിസിൽ 2021 ഡിസംബർ 20ന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. 2022 ജനുവരി 11നാണ് വിജയമ്മക്ക് നേരെ തേനീച്ച ആക്രമണമുണ്ടായത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വസ്തു ഉടമ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയിൽ പറയുന്നു. യഥാസമയം പോലീസിനെ അറിയിച്ചിട്ടും പോസ്റ്റ്മോർട്ടം നടത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.