തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപത്തെ ചായത്തട്ടിലെത്തുമ്പോൾ ചൂടൻ ചായക്കൊപ്പം ഒരു വോട്ടുകൂടി ചോദിച്ചാൽ അതിശയിക്കേണ്ട. അത് ചാല മോഹനനാണ്, ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഇദ്ദേഹവും ഇടം നേടിയിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും വെല്ലുവിളികൾ നേരിടുന്ന കാലത്ത് ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് മത്സരിക്കാനുള്ള കാരണമായി അദ്ദേഹം പറയുന്നത്.
മൂന്നു മുന്നണികളും വാശിയോടെ പ്രചാരണങ്ങളിൽ മുഴുകുമ്പോൾ ഇദ്ദേഹം അതിൽനിന്ന് വ്യത്യസ്തനാകുന്നു. ചായത്തട്ടിൽനിന്ന് കിട്ടുന്ന വരുമാനവും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സഹായവുമാണ് ചാല മോഹനന് പ്രചോദനം. തെരഞ്ഞെടുപ്പ് തിരക്കായതുകൊണ്ട് എന്നും കട തുറക്കാറില്ല. വീടുതോറും കയറി വോട്ട് ചോദിക്കും.
36 വർഷമായി പൊതുപ്രവർത്തന രംഗത്തുള്ള താൻ നഗരത്തിൽ പലർക്കും സുപരിചിതനായതുകൊണ്ട് സൗഹാർദമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചാല മോഹനൻ പറയുന്നു. രാത്രി മകനും സഹായിക്കുമൊപ്പം പോസ്റ്ററൊട്ടിക്കാനിറങ്ങും. പുലർച്ച മൂന്നുവരെ പോസ്റ്ററൊട്ടിക്കും.
പിന്നെ വീണ്ടും ചായത്തട്ടിലേക്ക്. ഇതിനിടെ തെരഞ്ഞെടുപ്പ് കമീഷനിലും കലക്ടറേറ്റിലുമെല്ലാം കയറിയിറങ്ങും. എല്ലാറ്റിനും കൂട്ടായി ചീഫ് ഏജന്റുകൂടിയായ ഭാര്യ നസീമയുണ്ട്. പിന്തുണയുമായി ബിരുദ വിദ്യാർഥിയായ മകൻ അഖിൽ എം. കൃഷ്ണയും മകൾ അഖില എം. കൃഷ്ണവേണിയും ഒപ്പമുണ്ട്.
തെരഞ്ഞെടുപ്പ് മത്സരം കക്ഷിക്ക് അത്ര പുതുമയുള്ള കാര്യമല്ല. 2020ൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മണക്കാട് വാർഡിൽ മത്സരിച്ചാണ് തുടക്കം. അന്ന് മത്സരിക്കാൻ നിർബന്ധിച്ചവർതന്നെ പാലം വലിച്ചതിനാൽ വോട്ട് 50ൽ താഴെ മാത്രമാണ് കിട്ടിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ 266 വോട്ട് കിട്ടി. ചാല മോഹനനുൾപ്പെടെ ഒമ്പത് സ്വതന്ത്ര സ്ഥാനാർഥികളാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.