തിരുവനന്തപുരം: അഞ്ചുവർഷക്കാലം ദുരിതാശ്വാസ ക്യാമ്പായി മാറിയ വിദ്യാലയം പുതുമയണിയുന്നു. ടെക്നോപാർക്ക് ആസ്ഥാനമായ ആക്സിയ ടെക്നോളജീസും കനൽ എന്ന എൻ.ജി.ഒയും കൈകോർത്തപ്പോൾ പിറന്നത് നവീകരിച്ച് പുത്തനാക്കിയ സ്കൂൾ. 2018 ലെ ഓഖി ദുരന്തകാലത്ത് തീരപ്രദേശത്തുകാരുടെ ആശ്രയകേന്ദ്രമായി മാറിയ വലിയതുറ ഗവ. യു.പി സ്കൂളാണ് പുതിയ അധ്യയനവർഷത്തിൽ നവീകരിച്ച് കുട്ടികളെ സ്വീകരിക്കാൻ സജ്ജമായിരിക്കുന്നത്.
ഇതോടെ ഒരു സ്ഥിരം ദുരിതാശ്വാസകേന്ദ്രം മാത്രമായി പരിമിതപ്പെട്ട സ്കൂളിന് പുതുജന്മമായി. ക്യാമ്പായിരുന്ന കെട്ടിടം നവീകരിച്ച് പെയിന്റ് ചെയ്ത് ഭംഗിയാക്കി. സ്കൂൾവളപ്പ് വൃത്തിയാക്കി പച്ചക്കറിത്തോട്ടത്തിന് വിത്തിട്ടു. ഫലവൃക്ഷങ്ങളും തണൽമരങ്ങളും നട്ടുപരിപാലിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു.
ഏഴുലക്ഷം രൂപക്കാണ് നവീകരണം നടന്നത്. സ്കൂളിന്റെ ഹാൾ ഏറെക്കാലം ക്യാമ്പിന്റെ ഭാഗമായിരുന്നതുകൊണ്ടുതന്നെ പല പോരായ്മകളും ഉണ്ടായിരുന്നു. വയറിങ് സംവിധാനം ശരിയാക്കി. പ്ലാറ്റ്ഫോം മികച്ചതാക്കി. ഇതോടെ സ്കൂളിലെ വിദ്യാർഥികളുടെ എണ്ണം 39ൽനിന്ന് 85 ആയി ഉയർന്നു.
പത്തോളം അധ്യാപകരും വിദ്യാർഥികളെ കാത്ത് സ്കൂളിലുണ്ട്. ഇത്തവണ പ്രവേശനോത്സവം പുതിയ അധ്യയനവർഷത്തിന്റെ മാത്രമല്ല, വലിയതുറ യു.പി.എസിന് പുതിയൊരു അധ്യായത്തിന്റെ തുടക്കം കൂടിയാണ്. തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ജീവനക്കാരും പദ്ധതിയുടെ ഭാഗമായി. പ്രവേശനോത്സവത്തിൽ കുരുന്നുകൾക്ക് സ്കൂൾ കിറ്റിനൊപ്പം ആർട്ട് കിറ്റും കുടയും സമ്മാനമായി നൽകുന്നുണ്ട്.
കമ്യൂണിറ്റി സ്പിരിറ്റും കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയും ഒന്നിക്കുമ്പോൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാവും എന്നതിന് ഉദാഹരണമാണിതെന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോൻ ചന്ദ്രനും കനൽ ഇന്നൊവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ആൻസൻ പി.ഡി. അലക്സാണ്ടറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.