മെഡിക്കല്‍ കോളജ്: നോട്ടിരട്ടിപ്പ് സംഘത്തിന് കൂട്ടുനിന്ന ഗ്രേഡ് സബ് ഇന്‍സ്പെക്ടറെ സര്‍വിസില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവന്നിരുന്നതും 2023 ജൂണ്‍ മുതല്‍ സസ്പെന്‍ഷനിലുമായ സുനില്‍കുമാറിനെതിരെയാണ് നടപടി.
ഇയാള്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ ജോലിനോക്കിവരവെ തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പൈനാപ്പിള്‍ കച്ചവടം നടത്തിവന്നിരുന്ന ബോസ് എന്നയാളെ കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു.
ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷന്‍പരിധിയിലെ ചിത്തിരപുരം എന്ന സ്ഥലത്ത് വിളിച്ചുവരുത്തിയാണ് ബോസിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 35 ലക്ഷം രൂപ പിന്‍വലിച്ചത്. ബോസ് നല്കിയ പരാതിയില്‍ 2023ല്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് സുനില്‍ കുമാറിനെ അന്വേഷണവിധേയമായി അറസ്റ്റ് ചെയ്തു.
കോടതി റിമാന്‍ഡ് ചെയ്ത് തൊടുപുഴ മുട്ടം ജയിലില്‍ അടച്ചു. തുടര്‍ന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ സുനില്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍വിസില്‍നിന്ന് നീക്കാൻ നടപടികള്‍ സ്വീകരിച്ചതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.