തിരുവനന്തപുരം: മാപ്പെഴുതിക്കൊടുത്ത് ബ്രിട്ടീഷുകാർക്ക് പാദസേവ നടത്തിയവരെയെല്ലാം കേന്ദ്രസർക്കാർ മഹത്വവത്കരിക്കുകയും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവരെയെല്ലാം പട്ടികക്ക് പുറത്താക്കുകയും ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്നവരുടെ ചരിത്രം വളച്ചൊടിക്കൽ ശ്രമം പൂർത്തിയായാൽ ഗാന്ധിജി വില്ലനും ഗോദ്സെ നല്ലവനുമായി മാറും. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് മലബാർ കലാപത്തിെൻറ കാര്യത്തിലും നടക്കുന്നത്. ഇന്ത്യക്ക് മതേതര അടിത്തറ പാകിയതുകൊണ്ടാണ് നെഹ്റു ഇപ്പോൾ രാജ്യം ഭരിക്കുന്നവരുടെ പട്ടികയിൽനിന്ന് പുറത്തായത്. ഖിലാഫത്ത് സമരത്തിെൻറ ഭാഗമായി തുടങ്ങി ബ്രിട്ടീഷ് വിരുദ്ധമായി മാറിയ സ്വാതന്ത്ര്യസമരമായിരുന്നു മലബാറിലേത്. അല്ലെങ്കിൽ എന്തിനാണ് ബ്രിട്ടീഷുകാർ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചും ആലി മുസ്ലിയാരെ തൂക്കിയും കൊന്നതെന്ന് മുരളീധരൻ ചോദിച്ചു.
ക്രിസ്ത്യൻ മിഷണറിമാരെ കൊലപ്പെടുത്തിയവരും കന്യാസ്ത്രീ മഠങ്ങൾ തകർത്തവരുമാണ് ഇപ്പോൾ ബിഷപ്പിെൻറ സംരക്ഷണത്തിനായി ഇറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനാണ് ഇവരുടെ ശ്രമം. കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏൽപിച്ചപോലെയാണ് ഇവരുടെ സംരക്ഷണമെന്നും മുരളീധരൻ പരിഹസിച്ചു.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ പ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് സിദ്ദീഖ് ഫൈസി അസ്ഹരി അധ്യക്ഷത വഹിച്ചു. ഷാജഹാൻ ദാരിമി പനവൂർ, ഷാനവാസ് കണിയാപുരം, എ.എം. നൗഷാദ് ബാഖവി ചിറയിൻകീഴ്, അബ്ദുറഹിമാൻ ബാഖവി വർക്കല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.