കാട്ടാക്കട: ഇരട്ട ജീവപര്യന്തം തടവില്‍ കഴിയവെ ജയിൽ ചാടുകയും ഇതരസംസ്ഥാനത്തുനിന്ന് പിടികൂടുകയും ചെയ്ത കൊലക്കേസ് പ്രതി കോടതിയില്‍നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ ഒടുവിൽ പിന്തുടർന്ന് പിടികൂടി.
10 വര്‍ഷം മുമ്പ് വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാർഥിനി ആര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീരണകാവ് മൊട്ടമൂല ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷാണ് കാട്ടാക്കട കോടതിയില്‍നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
2020ല്‍ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് കൊണ്ടുവന്ന രാജേഷ് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. രാജേഷിനൊപ്പം രക്ഷപ്പെട്ട പ്രതി ശ്രീനിവാസനെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. അടുത്തിടെയാണ് രാജേഷിനെ കർണാടകയില്‍നിന്ന് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ കാട്ടാക്കട കോടതിയിൽ എത്തിച്ചത്. കോടതി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് പൊലീസുകാരെ വെട്ടിച്ച് രാജേഷ് കടന്നത്. രാജേഷ് ഓടിയതിന് പിന്നാലെ പൊലീസ് സംഘവും പാഞ്ഞു.
കോടതി കെട്ടിടത്തിന് പിൻഭാഗത്തുകൂടി കടന്ന് കഞ്ചിയൂര്‍കോണം വഴി ഓടിയ പ്രതി പൊലീസുകാരെയും നാട്ടുകാരെയും വെട്ടിച്ച് അഞ്ചുതെങ്ങിന്മൂട് കള്ളുഷാപ്പിനടുത്ത് പണി പാതിവഴിയില്‍ നിലച്ച് കാടുമൂടിയ കെട്ടിടത്തിനുള്ളില്‍ ഒളിച്ചു.
പൊലീസ് സംഘം അവിടെയൊക്കെ അരിച്ചുപെറുക്കിയെങ്കിലും കിട്ടിയില്ല. ഒടുവിൽ പൊലീസ് മറ്റ് സ്ഥലത്തേക്ക് പരിശോധനക്ക് നീങ്ങാനൊരുങ്ങവെയാണ് പ്രതി ഒളിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.