കാട്ടാക്കട: അഗസ്ത്യവനത്തിലെ ആദിവാസികളുടെ പുറംനാട്ടിലേക്കുള്ള യാത്ര അതിദുഷ്കരം. വനത്തിനുള്ളിലെ റോഡുകള്‍ കാല്‍നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന കാട്ടുപാതപോലെയായി. പൊട്ടിപ്പൊളിഞ്ഞ റോഡ് കഴിഞ്ഞ കനത്തമഴയിൽ ഒലിച്ചുപോയതോടെ അഗസ്ത്യവനത്തിലെ ഊരുകളിലേക്കും തിരിച്ചുമുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആദിവാസികളുടെ യാത്ര ദുരിതമായി.
നിലവിൽ അഗസ്ത്യവനത്തില്‍ ഗതാഗതയോഗ്യമായ റോഡുകള്‍ ഒന്നും തന്നെയില്ല. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന അഗസ്ത്യവനത്തിലെ 27 ആദിവാസി ഊരിലുള്ളവർക്ക് നാട്ടിലെത്താൻ 15 കിലോമീറ്ററെങ്കിലും നടക്കണം. അല്ലെങ്കിൽ വാഹനത്തിന് 1500 രൂപയിലേറെ വാടക നൽകണം. നിർധനരായ ആദിവാസികള്‍ക്ക് വീടുകളിലെത്താന്‍ കാല്‍നടതന്നെ ശരണം.
അത്യാവശ്യയാത്രക്ക് ആശ്രയം വാടകജീപ്പുകളാണ്. റോഡുകളൊക്കെ മഴയിൽ ഒലിച്ചുപോയതോടെ സ്വന്തമായി ഇരുചക്രവാഹനങ്ങൾ ഉള്ളവർക്കും അവ ഓടിക്കാനാകുന്നില്ല. പ്രധാനപാതകളൊക്കെ കുണ്ടും കുഴിയുമാണ്. ഈ പാതയിലൂടെ ജീപ്പുകൾക്ക് പോകാനാകാതെവന്നതോടെ വിദ്യാവാഹിനിപദ്ധതിയിൽ പുറംനാട്ടിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പലദിവസങ്ങളിലും സ്കൂളിൽ എത്താനാകുന്നില്ല.
സെറ്റില്‍മെന്റുകളിലെ താമസക്കാര്‍ക്ക് അസുഖം ബാധിച്ചാല്‍ കോട്ടൂരിലെ ആയുർവേദ ആശുപത്രിയിലോ പരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിലോ വേണം ചികിത്സക്കെത്താൻ. എന്നാല്‍ റോഡ് തകര്‍ന്നുകിടക്കുന്നത് ഇതും ബുദ്ധിമുട്ടിലാക്കുന്നു. മുക്കോത്തിവയൽ, മണ്ണാംകാണി, പാറ്റാംപാറ തുടങ്ങിയ ഉള്ളിലെ ഊരിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാലിപ്പാറ-എണ്ണക്കുന്ന്-പൊടിയം-മുക്കോത്തിവയൽ, എണ്ണക്കുന്ന്-കമലകം, മുക്കോത്തിവയൽ-വ്ലാവിള കുന്നത്തേരി, മുക്കോത്തിവയൽ- ചെറുമാങ്കൽ-പാറ്റാംപാറ അണകാൽ, മുക്കോത്തിവയൽ പട്ടാണിപ്പാറ-പോത്തോട്, കൈതോട്-കട്ടക്കുഴി-പ്ലാത്ത് എറുമ്പിയാട് തുടങ്ങിയ ചെറിയ കോൺക്രീറ്റ് റോഡുകളൊക്കെ പൊളിഞ്ഞ സ്ഥിതിയിലാണ്. ഉൾവനത്തിലെ ഭൂരിഭാഗം ഊരുകളിൽനിന്ന് വിദ്യാർഥികൾ ഉൾപ്പെടെ ആദിവാസികൾ വനപാതവഴി നടന്ന് കൈതോട് എത്തിയാണ് ബസിൽ പുറംനാട്ടിലെത്തുന്നത്. ഭൂരിഭാഗവും ചരിഞ്ഞ പ്രതലത്തിലായതിനാൽ കനത്തമഴയിൽ വശങ്ങളിൽനിന്ന് മണ്ണൊലിച്ച് പോയി തകരുന്ന ഈ പാതകളൊക്കെ ഗതാഗതയോഗ്യമാക്കാൻ മാസങ്ങളെടുക്കും. കൈതോട് തോടിന് കുറുകെയുള്ള പാലം അടിത്തറയിലെ മണ്ണൊലിച്ചുപോയി ഇപ്പോഴും അപകടാവസ്ഥയിലാണ്.
ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ വില്‍ക്കാനും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനും വിദ്യാർഥികള്‍ക്ക് പഠനത്തിനും പുറംനാട്ടിലെത്തേണ്ടതുണ്ട്. റോഡ് തകര്ന്നുകിടക്കുന്നതുകാരണം പതിവായുള്ള പുറംനാട്ടിലേക്കുള്ള യാത്ര കുറഞ്ഞ് അത്യാവശ്യത്തിനുമാത്രം പുറത്തിറങ്ങുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.