കാട്ടാക്കട: ലക്ഷങ്ങള്‍ മുടക്കി നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ റോഡിൽ നെയ്യാര്‍ ജലാശയത്തിന് സമീപം നിർമിച്ച കമ്യൂണിറ്റി ഹാൾ മന്ദിരം കാടുകയറി നാശോന്മുഖമായി. ഇതോടെ വർഷങ്ങൾക്ക് മുമ്പ് പണിത് ഇന്ദിര ഗാന്ധിയുടെ പേരിട്ട വനം കമ്യൂണിറ്റി ഹാൾ മന്ദിരം നിർമിക്കാനുപയോഗിച്ച പണവും പാഴായി. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് പദ്ധതിയുടെ ഭാഗമായി ലോകബാങ്കിൽനിന്ന് വനംവകുപ്പിന് കിട്ടിയ ഫണ്ട് ഉപയോഗിച്ച് ഇക്കോ െഡവലപ്മെന്റ് പദ്ധതി പ്രകാരം പണിത മന്ദിരമാണ് മൂന്ന് ദശാബ്ദം പൂര്‍ത്തിയാകും മുമ്പ് ഉപയോഗിക്കാതെ തകര്‍ച്ചയുടെ വക്കിലെത്തിയത്.
1992 ജൂലൈയിൽ പണി തുടങ്ങിയ കെട്ടിടത്തിന് 35 ലക്ഷം രൂപയായിരുന്നു അടങ്കൽ. പ്രദേശത്തെ നിർധന കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചെലവിൽ വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്ക് നൽകാനും വനംവകുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും പരിസ്ഥിതി പഠനക്യാമ്പിന് എത്തുന്നവർക്ക് താമസസൗകര്യം ഒരുക്കാനുമായാണ് മന്ദിരം നിര്‍മിക്കുന്നതെന്നാണ് വനംവകുപ്പ് പറഞ്ഞിരുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ പണിയിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതോടെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടന്നു. തുടർന്ന് വീണ്ടും കെട്ടിടം പുതുക്കിപ്പണിതു. തുടർന്ന് വനംവകുപ്പിന്റെ ചില പഠനക്യാമ്പുകളൊക്കെ ഇവിടെ നടത്തിയിരുന്നു. എന്നാൽ ഇപ്പോള്‍ വനംവകുപ്പ് കെട്ടിടം ഉപേക്ഷിച്ച മട്ടാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച കെട്ടിടം ഇതേവരെ ഒരു ആവശ്യത്തിനും നൽകിയിട്ടില്ല. കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമാണ്. മന്ദിരത്തോട് ചേർന്ന് നിറയെ വെള്ളമുണ്ടായിരുന്ന കിണർ നിറയെ കുപ്പിയും മാലിന്യവും നിറഞ്ഞിരിക്കുന്നു. തൊട്ടടുത്തുതന്നെ വനംവകുപ്പിന്റെ മാൻ പാർക്കുണ്ട്.
പാർക്കിലെ ജീവനക്കാരെ ഉപയോഗിച്ച് കെട്ടിടം സംരക്ഷിക്കാമായിരുന്നു. നെയ്യാർഡാം സ്ഥിതിചെയ്യുന്ന പ്രദേശത്ത് പൊതു ആവശ്യത്തിന് മന്ദിരങ്ങൾ ലഭ്യമല്ല. ഇത് പരിഗണിച്ച് ലക്ഷങ്ങൾ മുടക്കി പണിത മന്ദിരം അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗയോഗ്യമാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.