കാട്ടാക്കട: വാഹന പാര്‍ക്കിങ്ങിനും കായികപരിശീലനത്തിനും മത്സരങ്ങള്ക്കുമൊന്നും കാട്ടാക്കടയിൽ ഭൂമിയില്ലാതെ വട്ടംചുറ്റുമ്പോള്‍ പട്ടണത്തോട് ചേര്‍ന്ന് രണ്ടേക്കറോളം ഭൂമികാടുകയറി ഇഴജന്തുക്കളുടെയും തെരുവ്നായ്ക്കളുടെയും അഭയകേന്ദ്രമായി. പട്ടണത്തോടുചേര്ന്ന മൊളിയൂർ സ്റ്റേഡിയം ഭൂമിയാണ് വ്യവഹാരങ്ങളിൽപെട്ട് ഉപയോഗശൂന്യമാകുന്നത്. പ്രഭാത-സായാഹ്ന സവാരികള്‍ക്കും കളിക്കാനും പരിശീലനത്തിനും മത്സരങ്ങൾക്കുമൊക്കെയായി ഒരു തുറന്ന മൈതാനമില്ലാത്തത് കാട്ടാക്കട പഞ്ചായത്തിലെ കായികവികസനത്തിന് തടസ്സമാകുമ്പോഴാണിത്. താലൂക്ക് ആസ്ഥാനമായ പട്ടണനടുവിലാണ് ഭൂമി വെറുതേ കിടക്കുന്നത്. ഇത് തിരിച്ചെടുക്കാൻ പഞ്ചായത്തിന് കഴിയാത്തതിനാൽ കായികമത്സരത്തിനോ കേരളോത്സവം പോലുള്ള മേളകൾക്കോ സമീപ പഞ്ചായത്തുകളെ ആശ്രയിക്കുകയോ കോളജ് മൈതാനം കടമെടുക്കുകയോ ചെയ്യേണ്ട സ്ഥിതിയാണ്.
2004 വരെ പട്ടണനടുവിൽ ഉണ്ടായിരുന്ന മൊളിയൂർ സ്റ്റേഡിയം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പഞ്ചായത്തും അടുത്തുള്ള ക്ഷേത്രഭരണസമിതിയുമായുള്ള വ്യവഹാരത്തിൽ തീർപ്പുണ്ടാകാത്തതാണ് കാരണം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈകോടതി വരെയുള്ള കേസുകളിൽ പഞ്ചായത്തിന് അനുകൂലമായായിരുന്നു വിധികൾ. ഇതിനെതിരെയുള്ള അപ്പീലുകൾ തള്ളിയെങ്കിലും സ്റ്റേഡിയം കൈവശമാക്കാൻ കഴിഞ്ഞില്ല.
വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന സ്റ്റേഡിയം ഇപ്പോൾ കാടുമൂടി ഇഴജന്തുക്കളുടെ താവളവും പട്ടണത്തിൽനിന്നുള്ള മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രവുമാണ്. ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യ സ്ഥലങ്ങളും വാടക നൽകേണ്ട മൈതാനങ്ങളുമാണ് കളിക്കാരുടെയും കായികപ്രേമികളുടെയും ആശ്രയം. ഫുട്ബാൾ, ക്രിക്കറ്റ് പോലുള്ള ടൂർണമെന്റുകൾക്ക് വലിയ സ്ഥലം വേണം. പഞ്ചായത്തിൽ വലിയ മൈതാനമുള്ള ഒരു സർക്കാർ സ്കൂൾ പോലുമില്ല. പ്രദേശത്തെ 25 ലേറെ ക്രിക്കറ്റ്, ഫുട്ബാൾ ടീമുകൾ എല്ലാ വർഷവും ടൂർണമെന്റുകൾ നടത്താറുണ്ട്. ഇതിനായി അടുത്തുള്ള പഞ്ചായത്തുകളിൽ മൈതാനം വാടകക്ക് എടുക്കുകയാണ് പതിവ്. ദിവസവാടകയിനത്തിൽ ചെലവാകുന്നത് ആയിരങ്ങളാണ്.
ഇതനുസരിച്ച് സംഘാടകചെലവും കൂടുന്നത് ക്ലബുകൾക്ക് താങ്ങാനാവില്ല. ഇപ്പോൾ ക്ലബുകളുടെ പരിശീലനം സ്വകാര്യ ഭൂമികളിലാണ്. കൂടാതെ പ്രഭാതസവാരിക്കടക്കം വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്ക് പൊതുമൈതാനമില്ലാത്തത് ബുദ്ധിമുട്ടാകുന്നു. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുംവിധം ഒരു മൈതാനം വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
കാട്ടാക്കട പട്ടണത്തിലെത്തുന്ന നാലുചക്രവാഹനയാത്രികരും ചരക്കുവാഹനങ്ങളും പകല്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ദുരിതമനുഭവിക്കുകയുമാണ്. ഇതിന് പരിഹാരവും പഞ്ചായത്തിന് നല്ലൊരു വരുമാനവും ഉണ്ടാക്കാമെന്നിരിക്കെയാണ് മൊളിയൂര്‍ സ്റ്റേഡിയം അധികൃതരുടെ അനാസ്ഥയില്‍ വെറുതെയിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.