കാട്ടാക്കട: ഗ്രാമീണമേഖലയില്‍ കള്ളനോട്ട് കൈമാറ്റം വ്യാപകം. കാട്ടാക്കട താലൂക്കിലെ വിവിധയിടങ്ങളില്‍ വ്യാപകമായ തോതിലാണ് കള്ളനോട്ടുകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞദിവസം മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിന് നല്‍കിയത് കള്ള നോട്ടാണെന്നറിഞ്ഞതോടെയാണ് വന്‍തോതില്‍ കള്ളനോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന പരാതികള്‍ക്ക് ശക്തിയേറിയത്.
അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ മാറ്റുന്ന സംഘം തന്നെ സജീവമായുണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചന. അടുത്തിടെ പൊടുന്നനെ പണക്കാരയവരെ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേക്ഷണം പുരോഗമിക്കുന്നതായി സൂചനയുണ്ട്. വന്‍തോതില്‍ ഭൂമി ഇടപാടുകള്‍ നടത്തിയവരും സ്വര്‍ണം വാങ്ങിയവരുമൊക്കെ നീരീക്ഷണത്തിലാണെന്നാണ് വിവരം.
തിങ്കളാഴ്ച മാറനല്ലൂര്‍ പഞ്ചായത്ത് ഓഫീസിനടുത്തുള്ള പെട്രോള്‍ പമ്പില്‍ നൂറുരൂപയുടെ ഇന്ധനം നിറച്ചശേഷം സി.പി.എം നേതാവ് പമ്പില്‍ നല്‍കിയത് 500 രൂപയുടെ കള്ളനോട്ടായിരുന്നു. സംശയം തോന്നിയ പമ്പിലെ ജീവനക്കാരന് മെഷീന്റെ സഹായത്തോടെ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പണം നല്കിയ ആളെ പമ്പിലെ സുരക്ഷാ കാമറ നോക്കി കണ്ടെത്തിയപ്പോഴാണ് രാഷ്ട്രീയ നേതാവെണെന്ന് തിരിച്ചറിഞ്ഞത്. നേതാവിനെ പമ്പിലേക്ക് വിളിപ്പിച്ചപ്പോള്‍ പരിഭവം കൂടാതെ കള്ളനോട്ട് വാങ്ങി. പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.
കള്ളനോട്ട് നല്കിയ നേതാവിനെ പൊലീസ് വിളിപ്പിച്ചപ്പോള്‍ നോട്ട് കത്തിച്ചുകളഞ്ഞതായാണ് പൊലീസിന് നല്‍കിയവിവരം. മാറനല്ലൂര്‍, കാട്ടാക്കട, വിളപ്പില്‍ശാല, മേപ്പൂക്കട, കള്ളിക്കാട്, കുറ്റിച്ചല്‍ തുടങ്ങിയ മലയോരമേഖലയിലെ ചെറുകിട കച്ചവടക്കാരാണ് കള്ളനോട്ടു സംഘത്തിന്റെ ഇരകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.