കാട്ടാക്കട: കുട്ടി ഡ്രൈവർമാരെ ഉൾപ്പെടെ വലയിലാക്കി മോട്ടോർ വാഹന വകുപ്പ്. പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഇരുന്നൂറിലധികം നിയമലംഘകരെ കണ്ടെത്തി പിഴയീടാക്കി. ന്യൂജൻ ബൈക്കുകളുടെ മത്സരയോട്ടവും ബൈക്കിലെ അഭ്യാസപ്രകടനവും മൂലം അപകടങ്ങള്‍ തുടര്സംഭവമായ പശ്ചാത്തലത്തിലാണ് വാഹനവകുപ്പ് പരിശോധനക്കിറങ്ങിയത്.
മോട്ടോർ വാഹന വകുപ്പിന്റെ തിരുവനന്തപുരം എൻഫോഴ്സ്മെൻറ് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. രണ്ടാഴ്ചക്കിടെ ഏഴുപേരാണ് തലസ്ഥാന ജില്ലയില്‍ ബൈക്കപകടത്തിൽ മരിച്ചത്. ഇതിലധികവും കൗമാരക്കാരാണ്. പരുത്തിപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം തെറ്റി വഴിയരികിൽ കൂട്ടിയിട്ടിരുന്ന തടികളിൽ ഇടിച്ചുകയറി കൗമാരക്കാർ മരിക്കാനിടയായ സാഹചര്യത്തിലാണ് പരിശോധനയുടെ ആദ്യ ഘട്ടം കാട്ടാക്കടയിൽനിന്ന് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നാല് സംഘമായി തിരിഞ്ഞ ഉദ്യോഗസ്ഥർ കട്ടയ്ക്കോട്- വിളപ്പിൽശാല- പേയാട് റോഡിലും കാട്ടാക്കട വെള്ളറട- നെയ്യാർഡാം റോഡിലും കാട്ടാക്കട, പൂവച്ചൽ, വെള്ളനാട്, ആര്യനാട്, കുറ്റിച്ചൽ, പരുത്തിപ്പള്ളി പ്രദേശങ്ങളിലും പരിശോധനകൾ നടത്തി. നെടുമങ്ങാട് -ഷൊര്‍ളക്കോട് മലയോര ഹൈവേയില്‍ പരിശോധനകൾ നടത്തവെ സമീപ തടി മില്ലുകളിൽനിന്ന് റോഡിലേക്ക് ഇറക്കിയിട്ടിരുന്ന തടികൾ ഉടമകളെ വരുത്തി നീക്കംചെയ്തു.
നിരവധി കുട്ടി ഡ്രൈവർമാരെ പിടികൂടി. കുട്ടി ഡ്രൈവർമാരെ വാഹന ഗതാഗത നിയമങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കുകയും ഇവരുടെ രക്ഷാകർത്താക്കളെ വരുത്തി ബോധവത്കരണം നടത്തി വാഹനങ്ങൾക്കു പിഴ ഇട്ടശേഷം മടക്കിക്കൊടുക്കുകയും ചെയ്തു. അമിതവേഗത്തിലും രേഖകളില്ലാതെയും ഹെൽമെറ്റ് ധരിക്കാതെയും എത്തിയ നിരവധി വാഹനങ്ങൾ പരിശോധന കണ്ടു നിർത്താതെയും വാഹനം നിർത്തി തിരികെ പോകുകയും ചെയ്തു. ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സംഘം പകർത്തിയിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരുചക്ര വാഹനങ്ങൾ കൂടാതെ കൃത്യമായ രേഖകളില്ലാതെയും നിയമം തെറ്റിച്ചും എത്തിയ ടിപ്പർ, കാറുകൾ, ലോറി തുടങ്ങിയവക്കും പിഴയിട്ടു. ഇരുന്നൂറിലധികം പേർക്കാണ് പിഴയിട്ടത്. ഇതിനു പുറമെയാണ് പരിശോധനയെ വെട്ടിച്ച് കടന്നവരുടെ പേരിൽ സംഘം കേസ് എടുത്തിരിക്കുന്നത്. ഇനിയും ജില്ലയിലെ വിവിധ ഇടങ്ങളിൽ പഴുതടച്ചുള്ള പരിശോധന നടത്തുമെന്നും സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.