കാട്ടാക്കട: ഒരു കോടിയിലേറെ രൂപ ചെലവിട്ട് സ്കൂളിനായി കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടത്തിയിട്ടും വിദ്യാർഥികളുടെ പഠനം ചോരുന്ന കൂരയില്‍ തന്നെ. വീരണകാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർഥികൾക്ക് ദുരവസ്ഥ. കിഫ്ബി, കില അടിസ്ഥാനസൗകര്യ വികസന ഫണ്ടിൽ നിന്നും ഒരു കോടി മുടക്കിയാണ് ഹൈസ്കൂൾ വിഭാഗത്തിലെ എട്ട് ക്ലാസ് മുറികൾ പ്രവർത്തിപ്പിക്കാനാകുന്ന കെട്ടിടം നിര്‍മിച്ചത്. ജൂലൈയിൽ ഉദ്ഘാടനവും നടത്തി. ഓടും ഷീറ്റുമിട്ട രണ്ട് കെട്ടിടത്തിലായാണ് നിലവിൽ യു.പി വിഭാഗത്തിലെ ആറ് ഡിവിഷനുകൾ പ്രവർത്തിക്കുന്നത്.
മഴ തുടരുന്നതിനാൽ ഷീറ്റിട്ട കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ സ്കൂൾ അധികൃതർ അടുത്തുള്ള ഓടിട്ട കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റിയാണ് പഠിപ്പിക്കുന്നത്. പുതിയ കെട്ടിടം തുറന്നുകിട്ടിയാൽ നാല് മുതൽ ആറ് വരെയുള്ള ക്ലാസ് ഡിവിഷനുകൾ ഇവിടേക്ക് മാറ്റാനാകുമായിരുന്നു. എന്നാൽ പഞ്ചായത്തിൽ നിന്നുമുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അതിന് കഴിയുന്നില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സ്കൂൾ അധികൃതർക്ക് അപേക്ഷിക്കണമെങ്കിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതിന്റെ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ വേണം.
‘കില’യിൽ നിന്നും ഈ സർട്ടിഫിക്കറ്റുകൾ ഇതേ വരെ സ്കൂൾ അധികൃതർക്ക് ലഭിച്ചിട്ടില്ല. നിലവിൽ ക്ലാസ് പ്രവർത്തിച്ചിരുന്ന മൂന്ന് പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയ കോൺക്രീറ്റ് മന്ദിരം കെട്ടിയത്. കെട്ടിടം പൂർത്തിയാകാൻ തന്നെ ഒന്നര വർഷത്തിലേറെ എടുത്തു. ഇപ്പോൾ കെട്ടിടം ഉണ്ടായിട്ടും കുട്ടികളെ സുരക്ഷിതമായി പഠിപ്പിക്കാനാകാത്ത അവസ്ഥയിലാണ്. കെട്ടിട നിര്‍മാണ കരാറുകാരന് ബില്ല് മാറിക്കിട്ടാത്തതാണ് ഉദ്ഘാടനം നടത്തിയ കെട്ടിടത്തിന്റെ അവസാനപണികള്‍ തീര്‍ക്കാന്‍ കഴിയാത്തതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.