കാട്ടാക്കട: കുറ്റിച്ചൽ, പൂവച്ചൽ ഗ്രാമപഞ്ചായത്തുകളില്‍ നാട്ടുകാരുടെ ദാഹമകറ്റാനുള്ള മണ്ണൂർക്കര-വീരണകാവ്-പെരുംകുളം സമഗ്ര കുടിവെള്ളപദ്ധതി ഇഴയുന്നു. കിണറുകളും തോടുകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പഞ്ചായത്തുകളില്‍ നീണ്ടകാലത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് കുടിവെള്ളപദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി ആരംഭിച്ച് 12 വര്‍ഷം കഴിഞ്ഞിട്ടും ഇതേവരെ യാഥാർഥ്യമായില്ല.
2013ൽ ആരംഭിച്ച് 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട 91 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പരുത്തിപ്പള്ളി തൊഴുത്തിൻകരയിലെ ജലശുദ്ധീകരണശാലയും കുറ്റിച്ചൽ, പൂവച്ചൽ ഗ്രാമപഞ്ചായത്തുകളിലായുള്ള അഞ്ച് ജലസംഭരണികളിൽ നാലെണ്ണത്തിന്റെയും പണി പൂർത്തിയായി. എന്നാല്‍ കുടിവെള്ളവിതരണം എന്ന് തുടങ്ങാനാകുമെന്നതിൽ ഉറപ്പില്ല. കരമനയാറില്നിന്ന് വെള്ളം പമ്പ് ചെയ്ത് കുറ്റിച്ചൽ തൊഴുത്തിൻകരയിലെ ശുദ്ധീകരണശാലയിലെത്തിച്ച് ശുദ്ധീകരിച്ച് അണിയിലക്കുന്ന്, വലിയവിള, പന്നിയോട്, പാറമുകൾ, ദർപ്പക്കാട് എന്നിവിടങ്ങളിലെ സംഭരണികളിൽ എത്തിച്ച് കുറ്റിച്ചൽ, പൂവച്ചൽ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ളതാണ് പദ്ധതി. പൂവച്ചൽ പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്കും കുറ്റിച്ചലിലെ 3791 കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
2013ൽ ആരംഭിച്ച് ഇഴച്ചിലിലായ പദ്ധതിക്ക് 2019ലാണ് വീണ്ടും ജീവന്‍വെച്ചത്. വേനലിൽ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് രണ്ടുപഞ്ചായത്തുകളും. ഇവിടെ ജലജീവൻപദ്ധതിയിൽ ഗാർഹിക കണക്ഷൻ നൽകിയിട്ട് മൂന്ന് വർഷത്തോളമാകുന്നു. പൂവച്ചലിൽ 5364 പേർക്കും കുറ്റിച്ചലിൽ 2122 പേർക്കുമാണ് കണക്ഷൻ നൽകിയിട്ടുള്ളത്. എന്നാൽ, കണക്ഷന് ലഭിച്ച മിക്കവര്‍ക്കും കുടിവെള്ളം കിട്ടാക്കനിയാണ്.
കുറ്റിച്ചൽ പഞ്ചായത്തിലെ കടമാൻകുന്ന്, നെല്ലിക്കുന്ന് കോളനികളിൽ ചെറിയ വേനലില്‍പോലും വെള്ളത്തിന് നെട്ടോട്ടം ഓടുന്ന സ്ഥിതിയാണ്. പൂവച്ചലിൽ പച്ചക്കാട്, മരത്തകിടി, കരിയംകോട്, നാടുകാണി, പന്നിയോട്, കുളവുപാറ, പേഴുംമൂട് ലക്ഷംവീട്, ദർപ്പക്കാട്, മലവിള, കാക്കമുകൾ എന്നിവിടങ്ങളിലും രൂക്ഷമായ ജലക്ഷാമമുണ്ട്. ഈ പദ്ധതി പൂർത്തിയായാലേ വെള്ളം ലഭിക്കൂവെങ്കിലും എന്ന് കമീഷൻ ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥർക്കും ഉറപ്പില്ല. പദ്ധതി കമീഷൻ ചെയ്യാൻ വൈകുന്നതിന് സാങ്കേതികകാരണങ്ങളാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.