കാട്ടാക്കട: കണ്ടല ബാങ്കിലേക്ക് ഇ.ഡിയെ ‘ക്ഷണിച്ചത്’ പൊലീസിന്റെയും സഹകരണ വകുപ്പിന്റെയും മെല്ലെപ്പൊക്ക്. ബാങ്കിലെ 101 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് കണ്ടെത്തിയിട്ട് ഒരു വർഷമായി. നിരവധി പേർ പരാതി നൽകുകയും 60ൽപരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും കാര്യക്ഷമമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വരവ്. പരിശോധനക്കു ശേഷമുള്ള ഇ.ഡിയുടെ നിലപാട് നിർണായകമാകും.
കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ഇ.ഡിയുടെ കുറ്റപത്രവും തുടർനടപടിയും പുൽപള്ളി ബാങ്ക് മുൻ പ്രസിഡന്റിനെതിരായ നടപടിയും പുരോഗമിക്കുന്നതിനിടെയാണ് കണ്ടല ബാങ്കിലെത്തുന്നത്. സി.പി.ഐ നേതാവ് ഭാസുരാംഗനായിരുന്നു മൂന്നു പതിറ്റാണ്ടായി ബാങ്ക് പ്രസിഡന്റ്.
മറ്റു സഹകരണ ബാങ്കുകളെക്കാള്‍ ഉയർന്ന പലിശയും കമീഷനും വാഗ്ദാനംചെയ്താണ് കണ്ടല ബാങ്ക് കൂടുതൽ നിക്ഷേപം സ്വീകരിച്ചത്. കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കിലെ നൂറുകണക്കിനാളുകളാണ് പണം നിക്ഷേപിച്ചത്.
പതിനായിരം മുതല്‍ കോടിയോളം വരെ നിക്ഷേപിച്ച നൂറുകണക്കിനാളുകളുണ്ട്. ഒരു വര്‍ഷം മുമ്പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബാങ്കിന്റെ തട്ടിപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിക്ഷേപകരാകെ നെട്ടോട്ടമായി. പെണ്മക്കളുടെ വിവാഹം, ഉന്നതവിദ്യാഭ്യാസം, വാർധക്യകാലത്ത് അഷ്ടിക്ക് വക കണ്ടെത്താനും ചികിത്സക്കുവേണ്ടിയും നിക്ഷേപം നടത്തിയവരാണ് വെട്ടിലായത്. നിക്ഷേപ തുക കിട്ടാതായതോടെ പരാതി നല്‍കിയും സമരം നടത്തിയും മുന്നോട്ടുപോകുന്നതിനിടെയാണ് ഇ.ഡിയുടെ വരവ്.
പതിവുപോലെ നിക്ഷേപകര്‍ ബുധനാഴ്ചയും ബാങ്കിലെത്തിയെങ്കിലും പ്രവേശിപ്പിച്ചില്ല. ബാങ്ക് ജീവനക്കാരെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയാണ് കടത്തിവിട്ടത്. ആയുധവുമായി എത്തിയ കേന്ദ്രസേനയുടെ കാവലിലായിരുന്നു മണിക്കൂറുകൾ നീണ്ട പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.