കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് കാലത്ത് ആരംഭിച്ച വാട്സ്ആപ് കൂട്ടായ്മ ഇന്നും സാന്ത്വന ഗ്രൂപ്പായി തുടരുന്നു. ഗ്രൂപ് ഇതിനകം നിർധനരായ പത്തിലേറെ പേര്‍ക്ക് ചികിത്സാ സഹായമായി അഞ്ച് ലക്ഷത്തോളം രൂപ നല്കിയ ചാരിതാർഥ്യം പങ്കുവെക്കുന്നു.
നിർധനർ ഏറെയുള്ള കുറ്റിച്ചല്‍ പഞ്ചായത്തില്‍ കോവിഡ് രോഗികൾക്ക് ഈ കൂട്ടായ്മ കൈത്താങ്ങായിരുന്നു. ഓട്ടോ ഡ്രൈവറും സാമൂഹിക പ്രവര്‍ത്തകനുമായ വിജയകുമാര്‍ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കുന്നതിനെക്കുറിച്ച ആശയം മെഡിക്കല്‍ ഓഫിസറുമായി പങ്കുവെച്ചു. എല്ലാപേരുടെയും പിന്തുണ കിട്ടിയതോടെ ഗ്രൂപ് നിലവിൽവന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, എം.എല്‍.എ വരെയുള്ള ജനപ്രതിനിധികൾ, പൊലീസ് ഓഫിസർമാർ, ആരോഗ്യപ്രവര്‍ത്തകർ, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകർ, മാധ്യമ പ്രവര്‍ത്തകർ, പ്രവാസി മലയാളി നേതാക്കൾ ഉള്‍പ്പെടെ മുന്നൂറിലേറെപ്പേരെ ഉള്‍പ്പെടുത്തി. രോഗികളെ ആശുപത്രിയിലെത്തിക്കാനും അവര്‍ക്ക് മരുന്നുകള്‍ എത്തിക്കാനും മരിച്ചവരുടെ മൃതദേഹങ്ങൾ മറവുചെയ്യാനും ഉള്‍പ്പെടെ അംഗങ്ങൾ മുന്‍നിരയിലായിരുന്നു
പട്ടിണി കിടന്നവർക്ക് പലചരക്ക് സാധനങ്ങളും ഭക്ഷണവും എത്തിക്കാനും ഗ്രൂപ് മാത്രമായിരുന്നു സഹായം. കമ്യൂണിറ്റി കിച്ചണില്‍ ഉറക്കമില്ലാതെ അംഗങ്ങൾ പ്രവര്‍ത്തിച്ചു. പിന്നെ കോവിഡ് കാലം കഴിഞ്ഞപ്പോള്‍ ഗ്രൂപ് പിരിച്ചുവിടാൻ തീരുമാനിച്ചു. പലരും ഗ്രൂപ്പില്‍നിന്ന് പിന്മാറി. ശേഷിച്ച നൂറിലേറെപ്പേര്‍ ഗ്രൂപ്പില്‍ തുടര്‍ന്നു.
ഇതിനിടെ ചികിത്സിക്കാന്‍ പണമില്ലാതെ വലഞ്ഞ നിർധനനായ ആലമുക്ക് സനീഷിന്റെ മകന്റെ ജീവന് നിലനിര്‍ത്താനുള്ള പണത്തിനായി രക്ഷാകർത്താക്കളുടെ നെട്ടോട്ടം കൂട്ടായ്മ പ്രവര്‍ത്തകർ കണ്ടു. ഗ്രൂപ് അംഗങ്ങള്‍ കൈകോര്‍ത്തതോടെ സനീഷിന്റെ മകന്റെ ചികിത്സക്കായി ദിവസങ്ങൾക്കകം അരലക്ഷത്തിലേറെ രൂപ സമാഹരിച്ചു. അത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ ഗ്രൂപ് നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.