കാട്ടാക്കട: നെയ്യാര്‍ ജലസംഭരണിയില്‍ മീനുകള്‍ ചത്ത് പൊങ്ങുന്നതിന് കാരണം വൈറസ് ബാധയെന്ന്. രണ്ടാഴ്ചയിലേറെയായി മീനുകള്‍ ചത്തുപൊങ്ങുകയാണ്. വൈറസ് ബാധയെന്നാണ് ആദ്യപരിശോധന ഫലം തെളിയിക്കുന്നത്. മഴയും വെയിലും കാരണം ജലസംഭരണിയിലെ വെള്ളത്തിനുണ്ടാകുന്ന മാറ്റമാണ് കാരണം. സൂഷ്മ പരിശോധക്കായി വെള്ളവും ശേഖരിച്ച സാമ്പിളുകളും ചൊവ്വാഴ്ച കൊച്ചിൻ സർവകലാശാലക്ക് കൈമാറും.
കാളിപാറ ശുദ്ധജല പദ്ധതിക്കുള്പ്പടെയുള്ള കുടിവെള്ള സ്ത്രോതസിൽ വ്യാപകമായി മീനുകൾ ചത്ത് പൊങ്ങുന്നത് നാട്ടുകാരില്‍ ആശങ്കക്കിട വരുത്തിയിരുന്നു.
ഇതിനിടെയാണ് ഫിറഷീസ് വകുപ്പ് പ്രാഥമിക പരിശോധനാ ഫലം പുറത്തുവിട്ടത്. എന്നാല്‍ വെള്ളം മലിനമല്ലെന്നും മഴയും വെയിലും കാരണം അടിത്തട്ടിലെ വെള്ളം പെട്ടെന്ന് ചൂടാകുന്നതും മഴകാരണം തണുക്കുന്നതുമാണ് കരിമീന്‍, പള്ളത്തി ഇനത്തില്‍പ്പെട്ട മീനുകള്‍ക്ക് ഇത് ദോഷകരമാണെന്നുമാണ് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറയുന്നത്.
പരാതികള്‍ ശക്തമായതോടെ വനം-ഫിഷറീസ് വകുപ്പ് അധികൃതര്‍ വെള്ളിയാഴ്ച നെയ്യാര്‍ ജലസംഭരണിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വെള്ളവും ചത്ത മീനുകളും പരിശോധിക്കുകയും സാമ്പിളുകളെടുത്ത് പരിശോധനക്കയക്കുകയും ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഫലമാണിത്. നെയ്യാര്‍ഡാമില്‍ നിരവധി തവണയാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. എന്നാല്‍ ഇവിടെ അനധികൃത മത്സ്യബന്ധനം മാത്രമേ നടക്കാറുള്ളൂ. വന്‍ മത്സ്യസമ്പത്തുള്ള നെയ്യാര്‍ഡാമിലെ മീനുകള്‍ പിടികൂടി വില്‍പ്പന നടത്തുന്നതുവഴി സര്‍ക്കാരിലേക്ക് വന്‍തോതില്‍ വരുമാനം ഉണ്ടാക്കാമെന്നിരിക്കെയാണ് അന്യായ കാരണങ്ങള്‍ നിരത്തി മത്സ്യബന്ധനം തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.