ഇ​രു​വേ​ലി സ​ര്‍ക്കാ​ര്‍ ഹൈ​സ്കൂ​ള്‍

'ഗോത്ര സാരഥി' വാഹനങ്ങളുടെ വാടക മുടങ്ങി; സ്കൂളിലെത്താനാകാതെ ആദിവാസി ഊരിലെ കുട്ടികൾ

കാട്ടാക്കട: വാഹനങ്ങൾ ഇല്ലാത്തതിനാൽ ആദിവാസി ഊരുകളില്‍ നിന്ന് വിദ്യാർഥികൾക്ക് സ്കൂളിലെത്താനാകുന്നില്ല. കുറ്റിച്ചല്‍ ഉത്തരംകോട് ഇരുവേലി സര്‍ക്കാര്‍ ഹൈസ്കൂളില്‍ കഴിഞ്ഞ ദിവസങ്ങളിലായി 40 ശതമാനത്തോളം വിദ്യാർഥികള്‍ ഹാജരായില്ല.

രാവിലെ വാഹനം എത്തുന്നതും കാത്ത് ഉള്‍വനങ്ങളില്‍ നിന്ന് കുട്ടികള്‍ സ്കൂള്‍ ബാഗുമായി വാഹനം വരുന്ന ഊരുകളില്‍ കാത്തുനിന്നശേഷം സ്കൂളിൽ പോകാനാകാതെ മടങ്ങുകയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 264 വിദ്യാർഥികള്‍ പഠിക്കുന്ന ഉത്തരംകോട് സര്‍ക്കാര്‍ ഹൈസ്കൂളില്‍ 134 കുട്ടികളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. 86 വിദ്യാർഥികള്‍ അഗസ്ത്യമലയിലെ വിവിധ സെറ്റില്‍മെന്‍റുകളില്‍ നിന്നായി ഗോത്രസാരഥി പദ്ധതി പ്രകാരം സ്കൂളിലെത്തുന്നവരാണ്.

ആദിവാസി ഊരുകളില്‍ നിന്ന് വിദ്യാർഥികളെ സൗജന്യമായി വാഹനങ്ങളില്‍ സ്കൂളിലെത്തിക്കുന്നത് ഗോത്രസാരഥി പദ്ധതി വഴിയാണ്. ഈ വാഹനങ്ങള്‍ക്ക് കഴിഞ്ഞ നാല് മാസമായി വാടക മുടങ്ങിയതോടെയാണ് വാഹനഉടമകള്‍ സര്‍വിസ് നിര്‍ത്തിയത്.

ഗോത്രസാരഥി പദ്ധതി വാഹനങ്ങളുടെ വാടക നല്‍കിയിരുന്നത് ട്രൈബല്‍ വകുപ്പാണ്. എന്നാല്‍ ഇപ്പോള്‍ വാഹനങ്ങളുടെ വാടക നല്‍കല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കായതോടെയാണ് വാടക മുടങ്ങി പദ്ധതി അവതാളത്തിലായത്. സ്കൂള്‍ അധ്യായനം ആരംഭിക്കുമ്പോള്‍തന്നെ വനത്തിനുള്ളിലെ കുട്ടികളെ സ്കൂളിലെത്തുന്നതിനായുള്ള വാഹനങ്ങള്‍ കണ്ടെത്തും. തുടര്‍ന്ന് അതത് മാസം തന്നെ വാടക നല്‍കുകയാണ് പതിവ്.

എന്നാല്‍ തുടര്‍ച്ചയായി നാലുമാസം കുടിശ്ശികയായതോടെയാണ് ഓട്ടം നിര്‍ത്തിയത്. വനപാതകളിലൂടെയുള്ള വാഹനങ്ങളുടെ ഓട്ടം ഇന്ധന െചലവ് കൂടുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും ഇടയാക്കുന്നുണ്ട്. ഇന്ധനംനിറക്കുന്നതിനും അറ്റകുറ്റപ്പണിക്കും പണമില്ലാതായതാണ് വാഹനം ഓട്ടംനിര്‍ത്താന്‍ ഉടമകളെ പ്രേരിപ്പിച്ചത്.

അഗസ്ത്യവനത്തില്‍ നിന്ന് 165 ലേറെ കുട്ടികളാണ് ഗോത്രസാരഥി പദ്ധതി പ്രകാരം കോട്ടൂര്‍ യു.പി സ്കൂള്‍, ഉത്തരംകോട് ഇരുവേലി ഹൈസ്കൂള്‍ എന്നിവിടങ്ങളിലെത്തുന്നത്. കോട്ടൂർ യു.പി സ്കൂളില്‍ കുട്ടികളെ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് മുടക്കം കൂടാതെ വാടക നല്‍കുന്നതിനാൽ ഇവിടത്തെ ആദിവാസി വിദ്യാർഥികള്‍ക്ക് പഠനം മുടങ്ങുന്നില്ല.

വാടക കുടിശ്ശിക വന്നതിനുപിന്നില്‍ ദുരൂഹതയുള്ളതായും ഹൈസ്കൂൾ വിദ്യാർഥികളുടെ പഠനം മുടക്കാന്‍ ബോധപൂര്‍വം വാടക കുടിശ്ശിക വരുത്തിയതാണെന്നും രക്ഷിതാക്കള്‍ പറയുന്നു. അധികൃതരുടെ അനാസ്ഥ കാരണം ആദിവാസികുട്ടികളുടെ പഠനം മുടങ്ങാന്‍ ഇടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം ശക്തമായി.

Tags:    
News Summary - Gotra Sarathi vehicle rent delayed-Children of tribal villages unable to go to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.