കാട്ടാക്കട: രണ്ടുദിവസങ്ങളായി ഉത്തരംകോട്, കോട്ടൂര്‍, മലവിള പ്രദേശങ്ങളില്‍ കാട്ടുപോത്തുകള്‍ വിഹരിക്കുന്നു; ജനങ്ങൾ ഭീതിയില്‍. കഴിഞ്ഞ ദിവസങ്ങളിലാണ് കോട്ടൂര്‍, വാഴപ്പള്ളി പ്രദേശത്ത് കാട്ടുപോത്തുകളെ കണ്ടുതുടങ്ങിയത്.
വനത്തിനോട് ചേർന്ന ഉത്തരംകോട് പ്രദേശത്ത് ഞായറാഴ്ച കൂറ്റന്‍ കാട്ടുപോത്തുകൾ കൂട്ടമായെത്തിയതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. കഴിഞ്ഞദിവസം പുലർച്ച നെടുവാൻവയൽ ഭാഗത്ത് നിന്നുവന്ന നാല് കാട്ടുപോത്തുകൾ വനത്തിൽനിന്ന് ഒഴുകിയെത്തുന്ന തോട്ടിലൂടെ ഗ്രാമം വഴി മലവിളയിലും അവിടെ നിന്ന് ഉത്തരംകോട് ജങ്ഷനിലുമെത്തി.
കാട്ടുപോത്തുകളെ കണ്ട ടാപ്പിങ് തൊഴിലാളികൾ ബഹളംെവച്ചതോടെ ഇവ വന്നവഴി തിരിച്ച് വനത്തിലേക്ക് പോയി. അടുത്തിടെയായി പ്രദേശത്ത് കാട്ടുപോത്തുകളുടെ ശല്യം വർധിച്ചതായി പറയുന്നു. കൂട്ടമായെത്തുന്ന ഇവ കൃഷിയിടങ്ങളിൽ കടന്നുകയറി വിളകൾ കുത്തിമറിച്ച് നശിപ്പിക്കുക പതിവാണ്. പുലർച്ച റബർ ടാപ്പിങ്ങിനിറങ്ങുന്ന തൊഴിലാളികൾക്കും ഇവ ഭീഷണിയാണ്. ഇരുട്ടിൽ പെട്ടെന്ന് മുന്നിലെത്തുന്ന ഇവ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കുമെന്നും അവർ പറഞ്ഞു.
ജനവാസ മേഖലയിൽ കാട്ടുപോത്തുകളെ നേരിട്ട് കണ്ടതോടെ പരിഭ്രാന്തരായ ജനങ്ങൾ ജാഗ്രത പുലർത്തുന്നുണ്ട്. പ്രദേശത്തെ കുട്ടികൾ ഉൾപ്പടെയുള്ളവരെ പുറത്തുവിടാൻപോലും ഭയക്കുകയാണ്. കോട്ടൂരിൽ മുമ്പും ഇതുപോലെ പലതവണ ജനവാസകേന്ദ്രത്തിലേക്ക് കാട്ടുപോത്ത് ഇറങ്ങിയിട്ടുണ്ട്. പന്നി, മാൻ, മയിൽ, കുരങ്ങ്, തുടങ്ങിയവയുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് ഇപ്പോൾ കാട്ടുപോത്ത് കൂടി ഭീഷണിയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.