കാട്ടാക്കട: തോന്നിയപടിയുള്ള വാഹന പാർക്കിങ്, പട്ടണത്തിലെങ്ങും ഓട്ടോ ടാക്സി സ്റ്റാന്‍ഡുകള്‍, ട്രാഫിക് വിളക്കുകളില്ല ഗതാഗതം നിയന്ത്രിക്കാൻ സംവിധാനമില്ല, ഉത്സവങ്ങള്‍ക്കും, സമ്മേളനങ്ങള്‍ക്കുമുള്ള ആര്‍ച്ചുകള്‍ ഗതാഗതക്കുരുക്കിൽ കാട്ടാക്കട പട്ടണം വീർപ്പുമുട്ടുന്നു. പട്ടണത്തിലേക്കെത്തുന്ന പ്രധാന റോഡുകളുടെ ഇരുവശവും വാഹനങ്ങൾ കൈയടക്കുന്നതാണ് പ്രധാന പ്രശ്നം. ആരും നിയന്ത്രിക്കാനില്ലാത്തത് കൂടുതൽ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഗതാഗതം നിയന്ത്രിക്കാൻ ജങ്ഷനുകളിൽ ട്രാഫിക് വിളക്കുകൾ സ്ഥാപിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും പ്രവർത്തിപ്പിക്കാൻ നടപടി ആയിട്ടില്ല.
രാവിലെയും വൈകീട്ടും മണിക്കൂറുകളോളമാണ് വാഹനങ്ങൾ ജങ്ഷനിൽ കുടുങ്ങിക്കിടക്കുന്നത്. പട്ടണത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന വാഹനയാത്രക്കാർ റോഡിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത് തോന്നിയപടിയാണ്. നെടുമങ്ങാട് റോഡിൽ ചന്ത ചേരുന്ന ദിവസങ്ങളിൽ വാഹനങ്ങൾക്ക് ഒരു നിയന്ത്രവുമില്ല. നെയ്യാർഡാം റോഡിലും സ്ഥിതി വ്യത്യസ്തമല്ല. റോഡിന് ഇരുവശവും വാഹനങ്ങൾ കൈയടക്കുന്നതോടെ റോഡിലൂടെ യാത്രചെയ്യാനാകില്ല. നിയമ ലംഘനത്തിന് പിടികൂടുന്ന വാഹനങ്ങളെല്ലാം പൊലീസ് സ്റ്റേഷനു മുന്നിലെ റോഡിൽ പാർക്ക് ചെയ്ത് പൊലീസും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു.
തിരുവനന്തപുരം ബാലരാമപുരം റോഡുകൾ ചേരുന്ന ജങ്ഷനിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത് പതിവാണ്. ഇത് ജങ്ഷനിലേക്കെത്തുന്ന എല്ലാ റോഡിലും വാഹനക്കുരുക്ക് ഉണ്ടാക്കുന്നു. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടി പൊതുയോഗങ്ങള്‍ക്കും ഉയർത്തിയ കമാനങ്ങൾ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു. പ്രധാന ജങ്ഷൻ ഒഴിച്ച് മറ്റൊരിടത്തും ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡുകളില്ല. കാട്ടാക്കടയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പലതവണ സർവകക്ഷിയോഗം ചേർന്നെങ്കിലും തുടർനടപടി ഉണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.